Sports
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന് സമനില; ആഴ്സലിനും ചെല്‍സിക്കും ജയം
Sports

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന് സമനില; ആഴ്സലിനും ചെല്‍സിക്കും ജയം

Web Desk
|
16 Oct 2022 5:52 PM GMT

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ത്തന്നെ ഇറക്കിയിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. അതേസമയം ലീഗിലെ കരുത്തരായ ചെല്‍സിയും ആഴ്‌സനലും വിജയത്തോടെയാണ് തിരിച്ചുകയറിയത്. ചെല്‍സി ആസ്റ്റണ്‍ വില്ലയെയും ആഴ്‌സനല്‍ ലീഡ്‌സ് യുണൈറ്റഡിനെയും കീഴടക്കിയപ്പോള്‍ യുണൈറ്റഡ് ന്യൂകാസിലുമായാണ് സമനില വഴങ്ങിയത്.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം. ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ മേസണ്‍ മൗണ്ടാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. കളിയുടെ തുടക്കത്തില്‍ത്തന്നെ ചെല്‍സി ആദ്യ ഗോള്‍ കണ്ടെത്തി. ആറാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ മേസണ്‍ മൗണ്ട് വീണ്ടും ലക്ഷ്യം കണ്ടു.

അതേസമയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലീഡ്‌സിനെതിരെ ആഴ്‌സനലിന്‍റെ വിജയം. 35-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. സൂപ്പര്‍ താരം ബുക്കായോ സാക്കയാണ് ആഴ്സലിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ സമനില നേടാന്‍ കിട്ടിയ അവസരം പക്ഷേ ലീഡ്സ് തുലച്ചു. 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി പാട്രിക്ക് ബാംബോര്‍ഡ് നഷ്ടപ്പെടുത്തുകയായിരുന്നു. പാട്രിക്ക് ബാംബോര്‍ഡിന്‍റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയിട്ടും യുണൈറ്റഡിന് ജയിക്കാനായില്ല. ആതിഥേയരെ ന്യൂകാസില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി. കളിയിലുടനീളം യുണൈറ്റഡാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

ഇന്നത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ആഴ്‌സനല്‍ തന്നെയാണ് ഒന്നാമത്. 10 കളിയില്‍ നിന്ന് 27 പോയന്റാണ് ആഴ്സലിനുള്ളത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റുള്ള ചെല്‍സി നാലാമതും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.

Similar Posts