Sports
യൂറോ കപ്പ്: ഇംഗ്ലീഷ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപത്തിൽ അഞ്ചുപേർ അറസ്റ്റിൽ
Sports

യൂറോ കപ്പ്: ഇംഗ്ലീഷ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപത്തിൽ അഞ്ചുപേർ അറസ്റ്റിൽ

Web Desk
|
15 July 2021 4:16 PM GMT

സൈബർ ആക്രമണത്തിനു പിന്നിലുള്ളവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

യൂറോകപ്പ് ഫൈനൽ പരാജയത്തെ തുടർന്ന് ഇംഗ്ലീഷ് താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാക്രമണത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കറുത്ത വംശജരായ മാർക്കസ് റാഷ്‌ഫോഡ്, ബുകായോ സാക, ജെയ്ഡൻ സാഞ്ചോ എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വംശീയാധിക്ഷേപങ്ങൾ നടക്കുന്നത്.

താരങ്ങൾക്കെതിരെ നടത്തുന്ന വംശീയാധിക്ഷേപങ്ങൾ അങ്ങേയറ്റം നീചമാണെന്ന് അറസ്റ്റ് നടപടിയോട് പ്രതികരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാർക്ക് റോബർട്ട്‌സ് പറഞ്ഞു. ഈ കുറ്റകൃത്യത്തിനു പിന്നുള്ളതായി തിരിച്ചറിയുന്നവരെ ഉടന്‍ പിടികൂടും. ലജ്ജാകരമായ ഇത്തരം നടപടികൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഞായറാഴ്ചയാണ് യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. ഇതേതുടർന്ന് ഇംഗ്ലീഷ് ടീമിലെ കറുത്ത വംശജരായ താരങ്ങളെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വംശീയാധിക്ഷേപമാണ് നടക്കുന്നത്. പെനാൽട്ടി ഷൂട്ടൗട്ടിൽ സ്‌കോർ ചെയ്യാന്‍ കഴിയാതെ പോയതു ചൂണ്ടിക്കാട്ടിയാണ് ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്‌ഫോഡ് എന്നിവര്‍ക്കെതിരെ ശക്തമായ സൈബർ ആക്രമണം നടക്കുന്നത്. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ വൻവിമർശനമുയർന്നിട്ടുണ്ട്. താരങ്ങളെ ചേർത്തുപിടിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, കാൽവിൻ ഫിലിപ്‌സ് തുടങ്ങിയ താരങ്ങളും വിവിധ ക്ലബുകളും രംഗത്തുവന്നിരുന്നു.

വംശീയാധിക്ഷേപങ്ങളെ ഇംഗ്ലണ്ട് ടീം തന്നെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. വംശീയാധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും ഇത്തരം പോസ്റ്റുകൾ കണ്ടെത്താൻ ഊർജിതനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യുകെ ഫുട്‌ബോൾ പൊലീസിങ് യൂനിറ്റ് അറിയിച്ചിട്ടുണ്ട്.

Similar Posts