സ്പാനിഷ് അര്‍മാഡ മുന്നോട്ട്; ജോര്‍ജിയയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍
|മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ടും ക്വാർട്ടറിൽ പ്രവേശിച്ചു
യൂറോ കപ്പിൽ സ്പെയിൻ ക്വാർട്ടറിൽ. ജോർജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിനിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. മത്സരത്തിന്‍റെ 18 ാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മണ്ടിന്‍റെ സെൽഫ് ഗോളിലൂടെ ജോര്‍ജിയയാണ് ആദ്യം മുന്നിലെത്തിയത്. 39 ാം മിനിറ്റില്‍ റോഡ്രിയിലൂടെ സ്പെയിന്‍ ഗോള്‍മടക്കി. കളിയിലെ അവശേഷിക്കുന്ന ഗോളുകള്‍ രണ്ടാം പകുതിയിലാണ് പിറന്നത്. 51 ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസും, 75 ാം മിനിറ്റില്‍ നിക്കോ വില്യസും 81 ാം മിനിറ്റില്‍ ഡാനി ഒല്‍മോയും വലകുലുക്കി. ക്വാർട്ടറിൽ ആതിഥേയരായ ജർമനിയാണ് സ്പെയിനിന്റെ എതിരാളികൾ.
മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നു. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ വണ്ടര്‍ ഗോളാണ് കളിയുടെ ഗതി തിരിച്ചത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ എക്സ്ട്രാ ടൈമിൽ ഹാരികെയ്ൻ ഇംഗ്ലണ്ടിന്‍റെ വിജയം ഉറപ്പിച്ച ഗോൾ നേടി. മത്സരത്തിന്റെ മുഴുവൻ സമയവും പൂർത്തിയായി ഇഞ്ചുറി ടൈമിലേക്ക് പ്രവേശിക്കുമ്പോഴും സ്ലോവാക്കിയ ഒരു ഗോളിന് മുന്നിലായിരുന്നു.
ഫൈനൽ വിസിൽ മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേയാണ് ബെല്ലിങ്ഹാം മാജിക് അവതരിച്ചത്. 25-ാം മിനിറ്റിൽ ഇവാൻ ഷ്രാൻസാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലോവാക്കിയക്കായി ഗോൾ നേടിയത്. മത്സരത്തിലുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകൾ ആയ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചാണ് സ്ലോവാക്യ കീഴടങ്ങിയത്.