എറിക്‌സണിനു പിറകെ ഫാഫ് ഡുപ്ലെസിയും! ആശങ്കയുമായി കായികലോകം
|യുഎഇയിൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂട്ടിയിടിച്ചാണ് ഫാഫ് ഡൂപ്ലെസിക്ക് തലയിൽ ഗുരുതരമായി പരിക്കേറ്റത്
യൂറോ കപ്പ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സൺ മൈതാനത്ത് കുഴഞ്ഞുവീണത് കായികലോകത്തെ ആശങ്കയിലാക്കിയതിനു പിറകെ മറ്റൊരു ദുഃഖവാർത്തയും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിക്കാണ് മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റത്.
യുഎഇയിൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ്(പിഎസ്എൽ) മത്സരത്തിനിടെയായിരുന്നു സംഭവം. ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനു വേണ്ടി കളിക്കുന്ന ഫാഫ് ഡൂപ്ലെസി ഇന്നലെ നടന്ന പെഷവാർ സൽമിക്കെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂട്ടിയിടിക്കുകയായിരുന്നു. കളിയിൽ ഏഴാമത്തെ ഓവറിലായിരുന്നു സംഭവം.
പെഷവാർ ബാറ്റ്‌സ്മാൻ ഡെവിഡ് മില്ലർ ലോങ് ഓണിലേക്ക് അടിച്ച പന്ത് ബൗണ്ടറിയിൽ തടയാൻ ശ്രമിക്കുകയായിരുന്നു ഫാഫും ഹസ്‌നൈനും. എന്നാൽ, പന്തു മാത്രം ശ്രദ്ധിച്ച് രണ്ടു ഭാഗങ്ങളിൽനിന്നായി ഓടിയെത്തിയ ഇരുവരും പരസ്പരം കണ്ടില്ല. ഡൂപ്ലെസിയെയും കടന്ന് പന്ത് ബൗണ്ടറിയിലേക്ക് പോയതിനു പിറകെ എതിരെ വന്ന ഹസ്‌നൈന്റെ കാൽമുട്ട് താരത്തിന്റെ തലയിൽ ശക്തമായി കൂട്ടിയിടിച്ചു. ഉടൻ തന്നെ ഡൂപ്ലെസി ഗ്രൗണ്ടിൽ തളർന്നുവീണു. ഫിസിയോ ടീം ഉടൻ എത്തിയെങ്കിലും ഏറെനേരം താരം ഗ്രൗണ്ടിൽ തന്നെ നിശ്ചലനായി കിടന്നു. കുറച്ചുനേരം ഡഗൗട്ടിൽ വിശ്രമിച്ച ഡൂപ്ലെസിയെ ഉടൻ തന്നെ വിദഗ്ധ പരിചരണത്തിനായി അബൂദബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിവരികയാണെന്ന് ഗ്ലാഡിയേറ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
Get well soon @faf1307#FafduPlessis pic.twitter.com/WRfX8N6xQ7
— ABHIJEET MONDAL (@abhijeet_234) June 13, 2021
കഴിഞ്ഞ ദിവസം ഇസ്‍ലാമാബാദ് യുനൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഗ്ലാഡിയേറ്റേഴ്‌സിന്റെ സൂപ്പർ താരം ആന്ദ്രെ റസലിനും പരിക്കേറ്റിരുന്നു. മുഹമ്മദ് മൂസയുടെ ബൗൺസർ ഹെൽമെറ്റിലിടിച്ചായിരുന്നു പരിക്ക്. ഇതേതുടർന്ന് താരം ഇന്നലത്തെ മത്സരത്തിൽ കളിച്ചിരുന്നില്ല. ഡൂപ്ലെസിയുടെയും റസലിന്റെയും അഭാവത്തിൽ പെഷവാറിനെതിരെ 61 റൺസിന്റെ വൻ തോൽവിയാണ് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് ഏറ്റുവാങ്ങിയത്.