ഫിഫ വിലക്ക്: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സന്നാഹമത്സരം റദ്ദാക്കി; തിരിച്ചടി
|ഇന്ത്യയുമായി സഹകരിക്കരുതെന്ന് എല്ലാ ഫുട്ബോൾ അസോസിയേഷനുകൾക്കും ഫിഫ സന്ദേശം അയച്ചിട്ടുണ്ട്
ദുബൈ: യുഎഇയിൽ നടക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സന്നാഹമത്സരം റദ്ദാക്കി. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം.. ആഗസ്റ്റ് 20ന് അൽ നാസറിനെ എതിരെയായിരുന്നു സൗഹൃദ മത്സരം.
ഫിഫ വിലക്കിന്റെ ആദ്യഫലങ്ങൾ അനുഭവിക്കുന്നത് കേരളത്തിൽ നിന്നുള്ള ടീമുകളാണ്. എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിലെ ഗോകുലം കേരളയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതാണ് ആദ്യത്തേത്. ഇപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങളും മുടങ്ങുന്നു. ഇന്ത്യയുമായി സഹകരിക്കരുതെന്ന് എല്ലാ ഫുട്ബോൾ അസോസിയേഷനുകൾക്കും ഫിഫ സന്ദേശം അയച്ചിട്ടുണ്ട്.അതിനാൽ ഇന്ത്യയിലെ ഒരു ക്ലബ്ബുമായും കളിക്കാൻ മറ്റ് രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് കഴിയില്ല.
സൗഹൃദ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനവരെ തുടങ്ങിയിരുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയ തിരിച്ചടിയാണ്. യുഎഇയിൽ മൂന്ന് മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. ബാക്കി രണ്ട് മത്സരങ്ങൾ കൂടി മുടങ്ങാനാണ് സാധ്യത.