Sports
ഖത്തര്‍ ലോകകപ്പിന്‍റെ ഒരു വര്‍ഷ കൗണ്ട്ഡൗൺ ചടങ്ങുകള്‍ക്ക് ദോഹയില്‍ തുടക്കം
Sports

ഖത്തര്‍ ലോകകപ്പിന്‍റെ ഒരു വര്‍ഷ കൗണ്ട്ഡൗൺ ചടങ്ങുകള്‍ക്ക് ദോഹയില്‍ തുടക്കം

Web Desk
|
22 Nov 2021 12:54 AM GMT

വര്‍ണവൈവിധ്യമാര്‍ന്ന പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി

ആവേശക്കാത്തിരിപ്പിനൊടുവില്‍ 2022 ലോകകപ്പിന്‍റെ ഒരു വര്‍ഷ കൌണ്ട്ഡൌണ്‍ ചടങ്ങുകള്‍ക്ക് ദോഹയില്‍ തുടക്കമായി. ദോഹ കോര്‍ണീഷില്‍ സ്ഥാപിച്ച കൗണ്ട്ഡൗൺ ക്ലോക്ക് ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം മാഴ്സെ ഡിസൈലി അനാച്ഛാദനം ചെയ്തു. വര്‍ണവൈവിധ്യമാര്‍ന്ന പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി.

കായിക ലോകം കാത്തിരുന്ന നിമിഷം. പുതപ്പിനുള്ളില്‍ വീര്‍പ്പുമുട്ടിക്കിടന്ന മഹാഘടികാരത്തിന് ചുറ്റുമായി വിശിഷ്ടാതിഥികള്‍ ഒത്തുചേര്‍ന്നു. പിന്നാലെ 1998 ലോകകപ്പ് സ്വന്തമാക്കിയ ഫ്രഞ്ച് പടയിലെ ഇതിഹാസ താരം മാഴ്സെ ഡിസൈലി കനകക്കിരീടം വേദിയിലേക്കെത്തിച്ചു.

പിന്നാലെ ടുണീഷ്യന്‍ ഫുട്ബോള്‍ ഇതിഹാസം സമി ട്രബെല്‍സിയുടെ ഊഴം. കായിക ലോകത്തെ ഖത്തറിലേക്ക് കൈകൊട്ടിവിളിച്ച ട്രബെല്‍സിക്ക് ലോക മാനവസമുഹത്തിന്‍റെ കൈമെയ് മറന്ന പിന്തുണ. മൂവര്‍ണക്കൊടിയുമേന്തി വേദിയില്‍ കയറാന്‍ ക്ഷണം ലഭിച്ച ഖത്തര്‍ മഞ്ഞപ്പട അംഗങ്ങള്‍ ഇന്ത്യന്‍ മലയാളി സമൂഹത്തിന്‍റെ അഭിമാനഭാജനങ്ങളായി.

ആകാംക്ഷയുടെ മുള്‍മുനയില്‍ മാഴ്സല്‍ ഡിസേലി വീണ്ടും വേദിയിലെത്തി. ഭൂഗോളമാകുന്ന തുകല്‍പന്തിനെ വാനിലേക്കുയര്‍ത്തി. പിന്നാലെ കാത്തിരിപ്പിന്‍റെ കെട്ട് പൊട്ടി. ഇനി ഒരു കൊല്ലക്കാലം ഈ ഘടികാര സൂചിയില്‍ ലോകവും ഖത്തറും കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ എണ്ണിത്തീര്‍ക്കും.

ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനി, ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ, ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, സാമുവല്‍ എറ്റൂ, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Similar Posts