മത്സര ശേഷം പെലെയ്ക്കായി ബാനർ ഉയർത്തി ടീം ബ്രസീൽ
|അസുഖബാധിതനായ പെലെ മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വരെ അതീവ ഗുരുതരനിലയിലായിരുന്നു
ദോഹ: അസുഖബാധിതനായ ഫുട്ബോൾ ഇതിഹാസം പെലെയ്ക്കായി ബാനർ ഉയർത്തി ബ്രസീൽ താരങ്ങൾ. സൗത്ത് കൊറിയക്കെതിരായ വിജയത്തിന് ശേഷമാണ് ബനർ ഉയർത്തിയത്. അതേസമയം ആശുപത്രിയിലുള്ള പെലെയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.
സ്റ്റേഡിയം 974ൽ ബ്രസീൽ പ്രീക്വാർട്ടർ പോരിനിറങ്ങുമ്പോൾ ആശുപത്രികിടക്കയിലും സ്ക്രീനിലേക്ക് കണ്ണുനട്ടിരുന്ന ഒരാളുണ്ട്. അയാളെ ഒഴിവാക്കി ബ്രസീലിന്റെയോ ലോകഫുട്ബോളിന്റെയോ ചരിത്രം എഴുതാനാവില്ല. കാലങ്ങൾക്ക് മുൻപെ തന്റെതായ സിംഹാസനം നിർമിച്ച ഫുട്ബോൾ ചക്രവർത്തി പെലേ. അസുഖബാധിതനായ പെലെ മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വരെ അതീവ ഗുരുതരനിലയിലായിരുന്നു.
ഇന്നലെയോടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായി. എന്നാൽ ആശുപത്രിക്കിടക്കയിലും തന്റെ ടീമിന്, മത്സരത്തിന് മുൻപ് ആശംസ നേരാൻ പെലേ മറന്നില്ല. മത്സരത്തിന് മുൻപും പെലേയ്ക്ക് സൗഖ്യം നേർന്നുകൊണ്ടുള്ള ബാനറുകർ സ്റ്റേഡിയത്തിലെങ്ങും നിറഞ്ഞിരുന്നു. പെലേയുടെ പല തരത്തിലുള്ള ചിത്രങ്ങൾ. മിന്നും ജയത്തിന് ശേഷം ഗ്രൗണ്ടിൽ താരങ്ങൾ ഒത്തുകൂടി ബാനറുയർത്തി.
അതേസമയം സന്തോഷിപ്പിക്കുന്ന വിവരമാണ് ആശുപത്രിയിൽ നിന്ന് വരുന്നത്. മൂന്ന് തവണ ബ്രസീലിന്റ മണ്ണിലേക്ക് കിരീടമെത്തിച്ച പെലെക്കായി ഖത്തറിൽ നിന്നും ആ മോഹപ്പിക്കുന്ന സമ്മാനം നൽകുകയെന്നത് നെയ്മറുടെയും കൂട്ടരുടെയും പ്രിയപ്പെട്ട സ്വപ്നമായിരിക്കും. സൗത്ത് കൊറിയക്കെതിരെ തകര്‍പ്പന്‍ ജയമാണ് ബ്രസീല്‍ നേടിയത്(4-1). ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.