FIFA World Cup
26 പേരെയും കളത്തിലിറക്കി ചരിത്രം കുറിച്ച് ടീം ബ്രസീൽ
FIFA World Cup

26 പേരെയും കളത്തിലിറക്കി ചരിത്രം കുറിച്ച് ടീം ബ്രസീൽ

rishad
|
6 Dec 2022 5:24 AM GMT

ഒരു ലോകകപ്പിൽ 26 അംഗങ്ങൾക്ക് അവസരം നൽകുന്ന ആദ്യ ടീമായും ബ്രസീൽ മാറി.

ദോഹ: ഖത്തര്‍ലോകകപ്പില്‍ ചരിത്രംകുറിച്ച് ബ്രസീല്‍. ലോകകപ്പ് സ്ക്വാഡിലെ മുഴുവൻ താരങ്ങൾക്കും അവസരം നൽകിയാണ് ബ്രസീൽ ചരിത്രത്തില്‍ ഇടം നേടിയത്. ആകെ 26 അംഗങ്ങളുള്ള സ്ക്വാഡിലെ എല്ലാവരും കുറച്ച് സമയമെങ്കിലും ലോകകപ്പിൽ ബ്രസീലിനായി കളിച്ചു. ഇതോടെ ഒരു ലോകകപ്പിൽ 26 അംഗങ്ങൾക്ക് അവസരം നൽകുന്ന ആദ്യ ടീമായും ബ്രസീൽ മാറി.

ലോകകപ്പിനെത്തി പകരക്കാരുടെ ബെഞ്ചിലിരുന്ന് നാട്ടിലേക്ക് മടങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. പക്ഷേ ഇത്തവണ ബ്രസീല്‍ പതിവ് തെറ്റിച്ചു. കളിയുടെ 80ാം മിനിട്ടിലാണ് ചരിത്രം പിറന്നത്. ഒന്നാം നമ്പർ ഗോൾ കീപ്പർ അലിസൺ ബെക്കറിനു പകരം ബ്രസീലിയൻ ക്ലബായ പാൽമെരാസിൻ്റെ 34കാരനായ ഗോളി വെവർട്ടൺ പെരേര ഡ സിൽവ കളത്തിലെത്തിലിറക്കിയാണ് ടിറ്റെ തങ്ങളുടെ ബെഞ്ച് കരുത്ത് കാട്ടിയത്.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരേ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ കളിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. താരങ്ങള്‍ക്കിടയില്‍ സ്നേഹവും കൂട്ടായ്മയും സൃഷ്ടിച്ച പരിശീലകന്‍ ടിറ്റെയെ ഫുട്ബോള്‍ ലോകം പ്രശംസിക്കുകയാണിപ്പോള്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കൊറിയയെ ഗോളിൽ മുക്കിയാണ് കാനറിപ്പട ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്(4-1) ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീഷ്യസ് (8), നെയ്മർ (13, പെനൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളി. ജപ്പാനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്.

Similar Posts