FIFA World Cup
പ്രീക്വാർട്ടറിലും വനിതാ സാന്നിധ്യം:  ഖത്തർ ചരിത്രം സൃഷ്ടിക്കുന്നു
FIFA World Cup

പ്രീക്വാർട്ടറിലും വനിതാ സാന്നിധ്യം: ഖത്തർ ചരിത്രം സൃഷ്ടിക്കുന്നു

Web Desk
|
7 Dec 2022 4:49 AM GMT

കാതറിന്‍ നെസ്ബിതാണ് പ്രീക്വാർട്ടറിലെ ആദ്യ വനിത അസിസ്റ്റന്റ് റഫറിയായി ചരിത്രം കുറിച്ചിരിക്കുന്നത്.

ദോഹ: അലിഖിത നിയമങ്ങളെ പൊളിച്ചെഴുതി ചരിത്രം സൃഷ്ടിക്കുകയാണ് ഖത്തർ ലോകകപ്പ്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് പിന്നാലെ പ്രീക്വാർട്ടറിലും കളി നിയന്ത്രിച്ചവരുടെ കൂട്ടത്തിൽ വനിത സാന്നിധ്യമുണ്ട്. കാതറിന്‍ നെസ്ബിതാണ് പ്രീക്വാർട്ടറിലെ ആദ്യ വനിത അസിസ്റ്റന്റ് റഫറിയായി ചരിത്രം കുറിച്ചിരിക്കുന്നത്.

ലോകകപ്പിന് മുൻപ് സംഘാടനം കൊണ്ട് ലോകത്തെ ഞെട്ടിച്ച ഖത്തർ ലോകകപ്പ് ഇപ്പോൾ പുതിയ ചരിത്രങ്ങൾ കൊണ്ട് ഞെട്ടിക്കുകയാണ്. കളിയിലും കളത്തിലും എല്ലാവരും തുല്യരാണ് എന്ന സന്ദേശം നൽകുകയാണ് ഖത്തർ ലോകകപ്പ്. നൂറ്റാണ്ടുകളോളം നീണ്ട ലോകകപ്പ് ചരിത്രത്തിൽ കളിക്കളത്തിന് അകത്തും പുറത്തും കളി നിയന്ത്രിച്ചിരുന്നത് പുരുഷ റഫറിമാരായിരുന്നു.

ഖത്തർ ലോകകപ്പ്, ആ ചരിത്രം ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിലെ പൊളിച്ചെഴുതി. കോസ്റ്ററിക്ക- ജർമനി മത്സരം നിയന്ത്രിക്കാനിറങ്ങിയ മൂന്ന് റഫറിമാരും വനിതകളായിരുന്നു. ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട് പ്രധാന റഫറിയും ബ്രസീലിൽ നിന്നുള്ള നൂസ ബെക്കും, മെക്സിക്കോക്കാരി കാരൻ ഡയ്സും അസിസ്റ്റന്റ് റഫറിമാരും . മൂവരും ചേർന്ന് വീഴ്ചകളോ വിമർശനങ്ങളോ ഇല്ലാതെ മത്സരം പൂർത്തിയാക്കി.

ഇപ്പോഴിതാ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വീണ്ടും അസിസ്റ്റന്റ് റഫറിയായി ഒരു വനിത എത്തിയിരിക്കുന്നു. അമേരിക്കയുടെ കാതറിന്‍ നെസ്ബിത്താണ് പ്രീക്വാർട്ടറിൽ വരയ്ക്ക് പുറത്ത് മത്സരം നിയന്ത്രിച്ചത്. കിട്ടിയ അവസരം കാതറിനും കൃത്യമായി വിനിയോഗിച്ചു. ലോകകപ്പിലെ 129 അംഗ റഫറിയിങ് പാനലിൽ ഏഴ് പേർ വനിതകളാണ്. ഇനിയുള്ള മത്സരങ്ങളിലും കളത്തിന് അകത്തും പുറത്തും കളി നിയന്ത്രിക്കാൻ ഈ വനിതകളിൽ പലരും എത്തിയേക്കും.



Similar Posts