FIFA World Cup
ടീം പുറത്തായതിന്റെ കലിപ്പ് വാറിനോട്; മോണിറ്റർ തള്ളിയിട്ട് കവാനി
FIFA World Cup

ടീം പുറത്തായതിന്റെ കലിപ്പ് 'വാറി'നോട്; മോണിറ്റർ തള്ളിയിട്ട് കവാനി

Web Desk
|
3 Dec 2022 7:54 AM GMT

ഇഞ്ചുറി ടൈമിൽ അർഹമായ പെനാൽറ്റി നൽകിയില്ലെന്ന് ആരോപിച്ച് യുറുഗ്വായ് താരങ്ങൾ മത്സരം നിയന്ത്രിച്ച ജർമൻ റഫറി ഡാനിയൽ സീബർട്ടുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഉന്തുംതള്ളിലും കലാശിക്കുകയും ചെയ്തിരുന്നു

ദോഹ: ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ഘാനയ്‌ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനു ജയിച്ചിട്ടും ലാറ്റിനമേരിക്കൻ സംഘം യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ പുറത്തായിരിക്കുകയാണ്. ഇതേസമയത്ത് പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ദക്ഷിണ കൊറിയ അട്ടിമറിച്ചതോടെയാണ് യുറുഗ്വായിയുടെ സ്വപ്‌നങ്ങൾ പൊലിഞ്ഞത്. പോയിന്റിൽ തുല്യനിലയിലാണെങ്കിലും ഗോൾ കണക്കിന്റെ ബലത്തിലാണ് കൊറിയ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്.

എന്നാൽ, ഘാനയ്‌ക്കെതിരായ മത്സരത്തിനുശേഷം റഫറിയോടും 'വാർ' മോണിറ്ററിനോടും കലിപ്പ് തീർക്കുന്ന യുറുഗ്വായ് താരങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകായണ്. മത്സരത്തിൽ അർഹമായ പെനാൽറ്റി നൽകിയില്ലെന്ന് ആരോപിച്ച് യുറുഗ്വായ് താരങ്ങൾ മത്സരം നിയന്ത്രിച്ച ജർമൻ റഫറി ഡാനിയൽ സീബർട്ടുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഉന്തുംതള്ളിലും കലാശിക്കുകയും ചെയ്തിരുന്നു. പിന്നാലെ, റഫറി ഫൈനൽ വിസിൽ മുഴക്കുകയും ചെയ്തു.

ഇതിനുശേഷം താരങ്ങൾ ഡ്രെസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് യുറുഗ്വായ് സ്‌ട്രൈക്കർ എഡിൻസൻ കവാനിയുടെ അപ്രതീക്ഷിത നടപടി. ഡ്രെസിങ് റൂമിലേക്കുള്ള വഴിയിലുണ്ടായിരുന്ന 'വാർ' സ്‌ക്രീൻ പോഡിയം കവാനി കലിപ്പിൽ തള്ളിയിടുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഘാനയുടെ പ്രതിരോധ താരം അലിദു സൈദു ബോക്‌സിൽ കവാനിയുമായി കൂട്ടിയിടിച്ചത് കാണിച്ചായിരുന്നു യുറുഗ്വായ് താരങ്ങൾ പെനാൽറ്റി ആവശ്യപ്പെട്ടത്. എന്നാൽ, റഫറി അംഗീകരിച്ചില്ല. തുടർന്ന് 'വാറി'ൽ പരിശോധിക്കണമെന്ന് മുറവിളികൂട്ടിയെങ്കിലും സീബർട്ട് തിരിഞ്ഞുനോക്കിയില്ല. അധികം വൈകാതെ അന്തിമ വിസിൽ വിളിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കവാനിയും മറ്റൊരു യുറുഗ്വായ് താരം യോസെ മരിയ ഹിമനെസും റഫറിയെ ചോദ്യംചെയ്തു രംഗത്തെത്തി. വാക്കേറ്റത്തിൽ തുടങ്ങി ഉന്തും തള്ളിലും കലാശിക്കുകയും ചെയ്യുകയായിരുന്നു.

ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുറുഗ്വായ് തോൽപിച്ചത്. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ട ഗോളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. ജയിച്ചെങ്കിലും പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായിയും പ്രീക്വാർട്ടർ കാണാതെ പുറത്തായി.

കൊറിയ ജയിച്ചതോടെ യുറുഗ്വായ്ക്കും കൊറിയയ്ക്കും നാല് പോയന്റ് വീതമായി. ഗോൾ വ്യത്യാസത്തിലും സമാസമം. എന്നാൽ അടിച്ച ഗോളുകളുടെ എണ്ണത്തിൽ യുറുഗ്വായിയെ മറികടന്ന് കൊറിയ പോർച്ചുഗലിനൊപ്പം പ്രീ ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.

Summary: Edinson Cavani punch tunnel VAR monitor after Uruguay denied late penalty in the match against Ghana after heartbreaking World Cup exit

Similar Posts