FIFA World Cup
സുൽത്താൻ...; പെലെയെ പിന്തള്ളാൻ നെയ്മറിന് ഇനി ഒരു ഗോൾ ദൂരം
FIFA World Cup

'സുൽത്താൻ...; പെലെയെ പിന്തള്ളാൻ നെയ്മറിന് ഇനി ഒരു ഗോൾ ദൂരം

Web Desk
|
5 Dec 2022 10:08 PM GMT

ദേശീയ ടീമിനായി 76 ഗോളുകൾ നേടിയ നെയ്മർക്ക് ഒരു ഗോള് കൂടി നേടാനായാൽ ഇതിഹാസ താരം പെലെക്കൊപ്പമെത്താനാകും.

ദക്ഷിണകൊറിയക്കെതിരെ സാംബ താളത്തിൽ സ്റ്റേഡിയം 974 ൽ ഒരു നൃത്തം ചവിട്ടി ബ്രസീൽ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് കാനറിപ്പടകൾ ക്വാർട്ടറിലേക്ക് പറന്നപ്പോൾ സൂപ്പർ താരം നെയ്മറിന്റെ തിരിച്ചുവരവിനും മത്സരം സാക്ഷിയായി. സർബിയെക്കെതിരെ പരിക്കേറ്റ് ഇനി ലോകകപ്പിൽ കളിക്കാനാവില്ലെന്ന് പറഞ്ഞവർക്ക് മറുപടി കൊടുത്ത് ടിറ്റോ മഞ്ഞപ്പട ആരാധകരുടെ സ്വന്തം സുൽത്താനെ കളത്തിലിറക്കി. കളിയുടെ പത്താം മിനിറ്റിൽ പന്തിൽ ഒരു ഉമ്മ നൽകി ദക്ഷിണ കൊറിയൻ ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ പേരിലെഴുതി.

കൊറിയക്കെതിരെയുള്ള ഗോളോടെ മൂന്നു ലോകകപ്പുകളിൾ ഗോൾ നേടുന്ന മൂന്നാമത്തെ ബ്രസീൽ താരമായി നെയ്മർ മാറി. പെലയും റൊണോൾഡോയുമാണ് നെയ്മറിന് മുന്നിലുള്ളത്. 2014 ലും 2018 ലും നെയ്മർ ടീമിനായി ഗോൾ കണ്ടെത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ നെയ്മറുടെ ഏഴാമത്തെ ഗോളാണ് ഇന്ന് ഏഷ്യൻ ടീമിനെതിരെ പിറന്നത്. റൊണാൾഡോ 15 ഉം പെലെ 12 ഗോളുകളും ലോകകപ്പ് മത്സരങ്ങളിൽ നേടിയിട്ടുണ്ട്. ദേശീയ ടീമിനായി 76 ഗോളുകൾ നേടിയ നെയ്മർക്ക് ഒരു ഗോള് കൂടി നേടാനായാൽ ഇതിഹാസ താരം പെലെക്കൊപ്പമെത്താനാകും. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്നായി 77 ഗോളുകളാണ് പെലെ നേടിയത്. 98 കളിയില്‍ 62 ഗോളുകള്‍ നേടിയിട്ടുള്ള ഇതിഹാസ താരം റൊണാള്‍ഡോയെ നേരത്തെ പിന്തള്ളിയാണ് നെയ്‌മര്‍ രണ്ടാമതെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ മത്സരത്തിൽ കാൽക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മർ പിന്നീടുള്ള ബ്രസീലിൻറെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. മുമ്പ് ബ്രസീലിൽ കോപ അമേരിക്ക നടക്കുമ്പോഴും നെയ്മർ പരിക്കേറ്റ് മടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ കൊളംബിയക്കെതിരായ ക്വാർട്ടറിലും പരിക്ക് വില്ലനായി. പന്ത് കാലിലെത്തുമ്പോഴേക്ക് താരത്തെ നിലത്തുവീഴ്ത്താൻ തിരക്കുകൂട്ടുന്ന സെർബിയൻ താരങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പോർച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാൻ അനുവദിക്കാതെ പറപ്പിച്ച കാനറികൾ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയമാണ് നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്.

സെർബിയയെ 2-0നും സ്വിറ്റ്‌സർലൻഡിനെ 1-0ന് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച ബ്രസീലിന് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ കാമറൂണിനോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടിവന്നിരുന്നു. ഇനി ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. ഇന്ന് ജപ്പാനെ തോൽപ്പിച്ച് ആണ് ക്രൊയേഷ്യ ക്വാർട്ടറിൽ എത്തിയത്.

Similar Posts