അർജൻറീനക്കെതിരെയുള്ള ലോകകപ്പ് ഫൈനലിൽ കളിക്കുമോ? ഇൻസ്റ്റഗ്രാമിൽ ബെൻസെമയുടെ നിഗൂഢ സന്ദേശം
|ലോകകപ്പിന് മുമ്പ് പരിക്കേറ്റ് ടീമിന് പുറത്തായ താരം പരിശീലനം ആരംഭിച്ചതോടെയാണ് മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ സജീവമായത്
അർജന്റീനക്കെതിരെയുള്ള ലോകകപ്പ് ഫൈനലിൽ പങ്കെടുക്കാനുള്ള സാധ്യതയെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഇൻസ്റ്റഗ്രാമിൽ ഫ്രാൻസ് താരം ബെൻസെമയുടെ നിഗൂഢ സന്ദേശം. 'അതിൽ എനിക്ക് താൽപ്പര്യമില്ല' എന്ന് മാത്രമാണ് താരം തന്റെ തന്നെ ഫോട്ടോക്കൊപ്പം കുറിച്ചത്. എന്നാൽ ഫൈനലിൽ കളിക്കുന്നതിനെ കുറിച്ചാണോ ഈ പ്രതികരണമെന്നതിൽ ഉറപ്പില്ലെന്നാണ് മാർക്ക.കോമടക്കം റിപ്പോർട്ട് ചെയ്യുന്നത്.
ലോകകപ്പിന് മുമ്പ് പരിക്കേറ്റ് ടീമിന് പുറത്തായ താരം പരിശീലനം ആരംഭിച്ചതോടെയാണ് മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ സജീവമായത്. പ്രതീക്ഷിച്ചതിലും നേരത്തെ പരിക്കിൽ നിന്ന് മോചിതനായ ബെൻസെമ തന്റെ റയൽ മാഡ്രിഡ് ടീമംഗങ്ങൾക്കൊപ്പം വാൽഡെബെബാസിൽ ഒരാഴ്ചയോളം പ്രശ്നങ്ങളില്ലാതെ പരിശീലനം നടത്തുകയും ഇന്നലെ ലെഗാനസിനെതിരായ സന്നാഹ മത്സരത്തിൽ കളിക്കുകയും ചെയ്തിരുന്നു. താരം പരിശീലിക്കുന്ന ദൃശ്യങ്ങൾ റയൽ മാഡ്രിഡ് എഫ്.സി പങ്കുവെക്കുകയും ചെയ്തിരുന്നു. ഫ്രാൻസ് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണടക്കം താരം ഖത്തറിൽ തിരിച്ചെത്തി ഫൈനലിൽ കളിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
മൊറോക്കോയ്ക്കെതിരായ സെമിഫൈനലിന് ശേഷം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ മുന്നിലും ഇതെ ചോദ്യമെത്തി. ബെൻസെമ വരുമോ ഫൈനലിലേക്ക്? എന്നാൽ വ്യക്തമായ ഉത്തരം ദെഷാംപ്സ് നൽകിയില്ല. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു ദെഷാംപ്സിന്റെ മറുപടി. അതേസമയം പ്രചരിക്കുന്ന വാർത്തകളെ അദ്ദേഹം തള്ളിയില്ലെന്നതും ശ്രദ്ധേയമായി. ലോകകപ്പിനുള്ള ഫ്രാൻസ് ടീം പ്രഖ്യാപിച്ചപ്പോൾ ബെൻസെമയും ടീമിലുണ്ടായിരുന്നു. എന്നാൽ പരിക്കേറ്റതിനാൽ താരം പുറത്തായി.
പകരം ടീമിലേക്ക് ആളെ എടുത്തതുമില്ല. ഏതുസമയവും അദ്ദേഹത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കാം എന്ന കണക്ക്കൂട്ടലിലാണ് പകരക്കാരനെ തീരുമാനിക്കാത്തതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. മൊറോക്കോയ്ക്കെതിരായ സെമിയിലേക്ക് ബെൻസെമ എത്തുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. ഇനി ഫൈനലാണ്. എതിരാളികൾ ശക്തരായ അർജന്റീനയും. മെസിക്കും സംഘത്തിനുമെതിരായ ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ ബെൻസെമയും ഉണ്ടാകുമെന്നാണ് ശക്തമായ റിപ്പോർട്ടുകൾ. ടീം തന്ത്രത്തിന്റെ ഭാഗമായി പരിശീലകൻ പുറത്തുവിടാത്തതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.
കിരീടം നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ടീം ഫ്രാൻസ്. അതേസമയം ബെൻസെമയുടെ അഭാവമൊന്നും ഫ്രാൻസിനെ ഈ ലോകകപ്പിൽ ബാധിച്ചിട്ടില്ല. അധികം വിയർക്കാതെ തന്നെ എല്ലാ മത്സരവും ജയിച്ചവരാണ് അവർ. അതിനിടെ ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. കളി തുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതിയിൽ കോളോ മുവാനി ഒരു ഗോൾ കൂടി നേടിയതോടെ മൊറോക്കോയുടെ പ്രതീക്ഷകൾ അസ്തമിച്ചു. തിരിച്ചടിക്കാൻ മൊറോക്കോയ്ക്ക് നിരവധി അവസങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. ഫ്രാൻസ് പ്രതിരോധവും അവസരത്തിനൊത്ത് ഉയർന്നു. ഞായറാഴ്ചയാണ് ഫൈനൽ. ഇന്ത്യൻ സമയം രാത്രി 8.30ന് മത്സരം തുടങ്ങും.
മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന. കളത്തിന് അകത്തും പുറത്തും കരുത്തരാണ്. മെസി ഫാക്ടറും ദെഷാംപ്‌സിന് തലവേദനയാകും. അത് ഫ്രഞ്ച് കോച്ച് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്ലേമേക്കർ റോളിൽ കളിക്കുന്ന മെസി കൂടുതൽ അപകടകാരിയാണെന്നും മെസിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്‌സ് പറഞ്ഞു.
മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. മെസിയെ പൂട്ടിയാലും ടീമിനെ പിടിക്കാനായെന്ന് വരില്ല. ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടാസും അകൂനയും മകലിസ്റ്ററും മോശക്കാരല്ല. ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ പ്രതികാരത്തിന്റെ പോരാട്ടമാണ് അർജന്റീനയ്ക്ക്. പ്രതികാരം പൂർത്തിയായാൽ കിരീടം റോസാരിയോയിലേക്ക് പോകും.
എന്നാൽ എംബാപ്പെയും ജിറൂദും നയിക്കുന്ന മുന്നേറ്റത്തെ തടയുകയാകും അർജന്റീന നേരിടുന്ന വെല്ലുവിളി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന എംബപ്പെയും ക്ലിനിക്കൽ ഫിനിഷിങ് റോളിൽ തിളങ്ങുന്ന ജിറൂദും ഭീഷണിയാണ്. മധ്യനിരയിലെ ഗ്രീസ്മന്റെ പ്രകടനവും നിർണായകമാണ്. ഇതിനൊല്ലാം പരിഹാരം സ്‌കലോണിയുടെ കൈയിലുണ്ടാകും. ലൂസൈലിലെ അവസാന അങ്കം രണ്ട് തുല്യശക്തികളുടെ പോരാട്ടമാണ്. വിജയം മാത്രം ലക്ഷ്യവച്ചെത്തുന്ന പോരാട്ടം.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്.
France star Karim Benzema's mysterious message on Instagram amid talks over World Cup final participation against Argentina