ഗൂഗിളും 'പൊട്ടിത്തെറിച്ച' നിമിഷം; 25 വർഷത്തെ റെക്കോർഡ്!
|ലോകകപ്പ് കലാശപ്പോരിനിടെ രേഖപ്പെടുത്തിയ റെക്കോർഡ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആണ് വെളിപ്പെടുത്തിയത്
വാഷിങ്ടൺ: ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ലയണൽ മെസ്സിയും സംഘവും ലോകകിരീടം ഉയർത്തിയ ദിവസം മറ്റൊരു റെക്കോർഡും സംഭവിച്ചു. ഗൂഗിളിന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് ട്രാഫിക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലോകം മുഴുവൻ ഇന്നലെ ഒരേയൊരു കാര്യത്തെക്കുറിച്ചാണ് തിരഞ്ഞതെന്നാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തിയത്.
ഫിഫ ലോകകപ്പ് ഫൈനലിനിടെ 25 വർഷത്തിനിടയിലുള്ള ഏറ്റവും ഉയർന്ന ട്രാഫിക്കാണ് രേഖപ്പെടുത്തിയതെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു. ലോകം മൊത്തം ഒരേയൊരു കാര്യത്തെക്കുറിച്ച് മാത്രമായിരുന്നു തിരഞ്ഞതെന്നും അദ്ദേഹം കുറിച്ചു.
എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇതെന്ന് ഫൈനലിനുശേഷം പിച്ചൈ അഭിപ്രായപ്പെട്ടിരുന്നു. 'അർജന്റീനയും ഫ്രാൻസും നന്നായി കളിച്ചു. സുന്ദരമായ കളി. മെസ്സിയെക്കാൾ അത് അർഹിച്ച മറ്റാരുമില്ല. എന്റെ വിനീതമായ അഭിപ്രായത്തിൽ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. എന്തൊരു ഹംസഗാനമായിരുന്നു അത്.'-സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.
അവസാന മിനിറ്റുകൾ വരെ ഉദ്വേഗം നിറഞ്ഞ പോരിനൊടുവിലാണ് ലയണൽ മെസ്സിയുടെ അർജന്റീന കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനെ തകർത്ത് മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ അർജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ലീഡെടുത്ത ശേഷമായിരുന്നു രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തിരിച്ചുവരവ്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് മത്സരത്തിന്റെ ചൂടുപിടിപ്പിച്ചത്.
അധികസമയത്ത് മെസ്സി അർജന്റീനയുടെ ലീഡുയർത്തിയതിനു പിന്നാലെ എംബാപ്പെ ഹാട്രിക് ഗോളും കുറിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് വീണ്ടും അർജന്റീനയുടെ രക്ഷകനായി. അർജന്റീന നാല് ഗോൾ വലയിലാക്കിയപ്പോൾ ഫ്രാൻസിന് രണ്ടു തവണ മാത്രമാണ് ലക്ഷ്യം കാണാനായത്.
Summary: Alphabet and Google CEO Sundar Pichai said that Google Search logged its highest-ever traffic in 25 years of its existence during the FIFA World Cup final between Argentina and France