ജേഴ്‌സി കൈമാറി ഹക്കീമിയും എംബാപ്പയും: സൗഹൃദത്തിന്റെ നല്ല കാഴ്ച
|ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്നതായിരുന്നു ഹക്കീമിയുടെ ദൗത്യം
ദോഹ: ഫ്രാൻസ് - മൊറോക്കൊ സെമിഫൈനൽ രണ്ട് സുഹൃത്തുക്കളുടെ പോരാട്ടം കൂടിയായിരുന്നു. പിഎസ്ജിയിലെ സഹതാരങ്ങളായ കിലിയൻ എംബാപ്പെയും ഹക്കിമിയും. ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്നതായിരുന്നു ഹക്കീമിയുടെ ദൗത്യം. എംബാപ്പെ ഗോളടിച്ചില്ലെങ്കിലും ഫ്രാൻസ് വിജയിച്ചുമുന്നേറി. മത്സരത്തിന് ശേഷം ഇരുവരും ജേഴ്സി കൈമാറിയതും ആലിംഗനം ചെയ്തതും സൗഹൃദത്തിന്റെ നല്ല കാഴ്ചയായി.
ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയിൽ ഒരുമിച്ച് കളിക്കുന്ന ഹക്കീമിയും എംബാപ്പെയും ഉറ്റസുഹൃത്തുക്കളുമാണ്. രണ്ട് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുന്നവരാണ് എംബാപ്പെയും ഹക്കീമിയും. എതിരാളികളുടെ ബോക്‌സിലേക്ക് അതിവേഗം പന്തുമായി കുതിച്ചുപായുന്ന അപകടകാരിയായ സ്‌ട്രൈക്കറാണ് എംബാപ്പെ. എന്നാൽ, ഗോൾവല ലക്ഷ്യമാക്കി വരുന്ന എതിരാളികളുടെ മുന്നേറ്റം ബോക്‌സിനപ്പുറത്ത് തകർത്തുകളയുന്ന പ്രതിരോധമതിലാണ് അഷ്‌റഫ് ഹക്കീമി.
എന്നാൽ, ഒരു കാര്യത്തിൽ ഇരുവരും തമ്മിലൊരു സാദൃശ്യമുണ്ട്; വേഗത! മണിക്കൂറിൽ 35.3 കി.മീറ്റർ ആണ് ലോകകപ്പില്‍എംബപ്പെ കുറിച്ച ഏറ്റവും വലിയ വേഗം. മണിക്കൂറിൽ 35.3 കി.മീറ്റർ കുറിച്ച് വേഗത്തിൽ എംബാപ്പെയ്‌ക്കൊപ്പമെത്തി ഹകീമി. അതേസമയം കളിയിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്നാണ് ലോക ചാംപ്യൻമാരായ ഫ്രാൻസ് വീണ്ടും ലോകകപ്പിന് യോഗ്യത നേടിയത്. 5-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 79-ാം മിനിറ്റിൽ പകരക്കാരൻ റൻഡാൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്റെ സ്കോറർമാർ.
ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. രാത്രി ഇന്ത്യൻ സമയം 8.30ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ക്രൊയേഷ്യയെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം.