നോക്കൗട്ടിൽ കാലിടറുന്ന ജപ്പാൻ; മടങ്ങുന്നത് പൊരുതിത്തോറ്റ്
|ലോകചാമ്പ്യൻമാരുടെ ഗ്രൂപ്പിൽ നിന്ന് പ്രവചനങ്ങളെയും പ്രതീക്ഷകളെയും വെല്ലുവിളിച്ചായിരുന്നു പ്രീക്വാർട്ടറിലേക്കുള്ള വരവ്.
ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ പൊരുതി തോറ്റാണ് ജപ്പാൻ ഖത്തറിൽ നിന്ന് മടങ്ങുന്നത്. നാലാം തവണയാണ് ജപ്പാന്, ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ കാലിടറുന്നത്. ലോകചാമ്പ്യൻമാരുടെ ഗ്രൂപ്പിൽ നിന്ന് പ്രവചനങ്ങളെയും പ്രതീക്ഷകളെയും വെല്ലുവിളിച്ചായിരുന്നു പ്രീക്വാർട്ടറിലേക്കുള്ള വരവ്.
ചാമ്പ്യൻമാരെ വീഴ്ത്തി പ്രീക്വാർട്ടറിലേക്ക് എത്തിയപ്പോഴേക്കും ആരും ഭയക്കുന്ന സംഘമായി സമുറായികൾ മാറിയിരുന്നു. നോക്കൗട്ടിൽ മുൻ റണ്ണറപ്പുകളെ നേരിട്ടപ്പോഴും പോരാടിയാണ് കീഴടങ്ങിയത്. നാലാം തവണയാണ് നോക്കൗട്ടിൽ ജപ്പാന്റെ കാലിടറുന്നത്. 2002ൽ സ്വന്തം കാണികൾക്ക് മുന്നിൽ തുർക്കിയോട് ഒരു ഗോളിന് തോറ്റ് തുടങ്ങിയതാണ് നോക്കൗട്ട് തോൽവികളുടെ ചരിത്രം.
2010ലും ഷൂട്ടൗട്ടിലൂടെയായിരുന്നു തോൽവി. പരാഗ്വയായിരുന്നു എതിരാളികൾ. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയമായിരുന്നു ജപ്പാന്റെ വഴി മുടക്കിയത്. നോക്കൗട്ട് തോൽവികളുടെ ശാപമോക്ഷത്തിൽ നിന്ന് ജപ്പാന് ഇനിയും മുക്തിയില്ല. ക്രൊയേഷ്യക്കെതിരെ ആദ്യം ഗോളടിച്ചത് ജപ്പാനായിരുന്നു. ക്രൊയേഷ്യൻ മുന്നേറ്റ നിരയുടെ എത്രയോ അവസരങ്ങളാണ് ജപ്പാൻ പ്രതിരോധം വഴിമാറ്റിയത്.
അധികസമയവും കടന്ന് ഷൂട്ടൗട്ടിൽ എത്തിയപ്പോഴേക്ക് ക്രൊയേഷ്യയുടെ കളിമിടുക്കിനും പരിചയസമ്പത്തിനും മുന്നിൽ ജപ്പാൻ വീഴുകയായിരുന്നു. ഡൊമിനിക് ലിവകോവിച്ച് എന്ന സൂപ്പർമാനാണ് ക്രൊയേഷ്യയുടെ ഹീറോ.ജപ്പാന്റെ തകുമി മിനാമിനോ, കൗരു മിറ്റോമ, മായ യോഷിദ എന്നിവരുടെ കിക്കുകളാണ് ലിവകോവിച്ച് തടുത്തിട്ടത്. അസാമാന്യപോരാട്ടം പുറത്തെടുത്ത ജപ്പാനെ പ്രശംസിക്കുകയാണ് ഫുട്ബോള്‍ ലോകം. ഈ ടീം അവരുടെ രാജ്യത്തിന് അഭിമാനമായി. ജപ്പാൻ ജനത ഈ ടീമിനെ ഓർത്ത് അഭിമാനിക്കുമെന്നായിരുന്നു മുന്‍ ഇംഗ്ലീഷ് താരം റിയോ ഫെര്‍ണ്ടിനാന്ദിന്റെ പ്രതികരണം.
കൂടുതല്‍ ശക്തിയാേടെ അവര്‍ തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കളത്തിന് പുറത്തും ജപ്പാൻ ഫുട്ബോൾ പ്രേമികളുടെ മനം കീഴടക്കിയിരുന്നു. ജർമനിക്കെതിരായ വിജയത്തിന് ശേഷം ഡ്രസിങ് റൂം ക്ലീൻ ചെയ്താണ് ടീം ജപ്പാൻ ഹോട്ടലിലേക്ക് തിരിച്ചത്. കാണികളും സ്റ്റേഡിയത്തിലെ പ്ലാസ്റ്റിക്ക് അവശേഷിപ്പുകൾ വൃത്തിയാക്കുന്നതിന്റെ ചിത്രവും കയ്യടി നേടിയിരുന്നു.