മദ്യ കമ്പനിയുടെ ലോഗോ മറച്ചുപിടിച്ച് എംബാപ്പെ; ഫിഫയുടെ പിഴ
|മദ്യകമ്പനിയായ ബഡ്വൈസറിന്റെ പേരു മുന്നിൽ വരാത്തരീതിയിൽ ട്രോഫി തിരിച്ചുപിടിച്ചാണ് എംബാപ്പെ ഫോട്ടോക്കായി പോസ് ചെയ്തത്
ലോകകപ്പ് മത്സര ശേഷം പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്കാര സ്വീകരണ സമയത്ത് മദ്യ കമ്പനിയുടെ ലോഗോ മറച്ച് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. ലോക പ്രശസ്ത മദ്യ കമ്പനിയായ ബഡ്വൈസറിന്റെ ലോഗോയാണ് മത്സര ശേഷം പുരസ്കാരം സ്വീകരിച്ചതിന് ശേഷം എംബാപ്പെ മറച്ചുപിടിച്ചത്. ബഡ്വൈസറിന്റെ പേരു മുന്നിൽ വരാത്തരീതിയിൽ ട്രോഫി തിരിച്ചുപിടിച്ചാണ് എംബാപ്പെ ഫോട്ടോക്കായി പോസ് ചെയ്തത്. ബഡ്വൈസറിന്റെ പേര് വെച്ച ചുമര് പരസ്യത്തില്‍ നിന്നും എംബാപ്പെ മാറിനിന്നു. മത്സര ശേഷം നിര്‍ബന്ധമായ മാധ്യമ പ്രചരണങ്ങളില്‍ നിന്നും എംബാപ്പെ മാറിനിന്നു. ഇക്കാരണത്താല്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് ഫിഫ പിഴ ചുമത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തര്‍ ലോകകപ്പിന്റെ പ്രധാന സ്പോണ്‍സര്‍മാരായ ബഡ്വൈസറുമായി താരത്തിന് സഹകരിക്കാന്‍ താല്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ചപ്പോഴും എംബാപ്പെ മദ്യ കമ്പനിയുടെ ലോഗോ മറച്ചുപിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെയും ഡെന്മാര്ക്കിനെതിരെയുമുള്ള മത്സരങ്ങളിലാണ് എംബാപ്പെ കളിയിലെ താരമായത്.
അതെ സമയം സംഭവത്തില്‍ പ്രതികരണവുമായി എംബാപ്പെയും രംഗത്തുവന്നു. തീരുമാനങ്ങള്‍ വ്യക്തിപരമായതിനാല്‍ തന്നെ സ്വയം പിഴ ഒടുക്കുമെന്നും നിലവില്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എംബാപ്പെ വ്യക്തമാക്കി. നിലവില്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലാണ് എംബാപ്പെ. നാല് മത്സരങ്ങളിലായി അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുമാണ് എംബാപ്പെയുടെ സമ്പാദ്യം.