'എല്ലാം ദൈവം കാണുന്നു; ഞായറാഴ്ച അവൻ താങ്കളെ കിരീടമണിയിക്കും'; മെസ്സിയോട് ബ്രസീൽ ഇതിഹാസം റിവാൾഡോ
|''ലയണൽ മെസ്സീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്.''
ദോഹ: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റിവാൾഡോ. അടുത്ത ഞായറാഴ്ച ദൈവം മെസ്സിക്ക് കിരീടമണിയിക്കുമെന്ന് റിവാൾഡോ പറഞ്ഞു. ലോകകിരീടം മെസ്സി എന്നോ അർഹിച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനലിൽ ഇനി ഏതായാലും ബ്രസീലും നെയ്മറുമില്ല. അതുകൊണ്ട് അർജന്റീനയ്‌ക്കൊപ്പം നിൽക്കുന്നു. ലയണൽ മെസ്സീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്. പക്ഷെ, എല്ലാം ദൈവത്തിനറിയാം. ഈ ഞായറാഴ്ച അവൻ താങ്കളെ കിരീടമണിയിക്കും.-ഇൻസ്റ്റഗ്രാമിൽ റിവാൾഡോ കുറിച്ചു.
വ്യക്തിത്വം കൊണ്ടുതന്നെ ഈ കിരീടം നീ അർഹിച്ചതാണെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു. നീ എപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന വിസ്മയിപ്പിക്കുന്ന ഫുട്‌ബോൾ കാരണവും താങ്കൾ കിരീടത്തിന് അർഹനാണ്. എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.
ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സി നിറഞ്ഞാടിയ സെമി പോരാട്ടത്തിൽ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അർജന്റീന ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. മത്സരത്തിൽ ഒരു പെനാൽറ്റി ഗോളിനു പുറമെ അതിശയിപ്പിക്കുന്ന ഗോൾ അസിസ്റ്റുമായി താരം ആരാധകരുടെ മനംനിറച്ചു. മത്സരത്തിലെ താരവും മെസ്സി തന്നെയായിരുന്നു. ഇതടക്കം നാല് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരമാണ് ഇത്തവണ ലഭിച്ചത്. അഞ്ച് ഗോളുമായി ഗോൾവേട്ടയിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പയ്ക്ക് ഒപ്പത്തിനൊപ്പമാണ്. ഇന്ന് നടക്കുന്ന ഫ്രാൻസ്-മൊറോക്കോ മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ മെസ്സിക്കും സംഘത്തിനും നേരിടാനുള്ളത്. ലോകകിരീടത്തിനൊപ്പം ഗോൾഡൻ ബോളിനും ബൂട്ടിനും താരം ഏറെക്കുറെ അവകാശം ഉറപ്പിച്ചുകഴിഞ്ഞു.
ഇത് തന്റെ അവസാന ലോകകപ്പാകുമെന്നാണ് മെസ്സി ഇന്ന് വെളിപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോടേറ്റ തോൽവി ടീമിനെ കൂടുതൽ കരുത്തരാക്കി. ഓരോ കളിയും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി സങ്കീർണമാകുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന തിരിച്ചറിവുണ്ടായിരുന്നു. ആ ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്നും ലഭിച്ചതെല്ലാം തങ്ങൾ അർഹിക്കുന്നതാണെന്നും മെസ്സി കൂട്ടിച്ചേർത്തു.
Summary: 'God will crown you this Sunday' - Brazil legend Rivaldo supports Lionel Messi and Argentina in FIFA World Cup Final 2022