പരിശീലനത്തിൽ പങ്കെടുത്തില്ല; മെസ്സിക്ക് പരിക്കോ?-ആശങ്ക
|പരിക്കിനെക്കുറിച്ച് അർജന്റീന മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല
ദോഹ: ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിൽ സൂപ്പർ താരം ലയണൽ മെസ്സിക്കേറ്റ പരിക്കിൽ ആശങ്ക. ഇന്ന് നടന്ന അർജന്റീനയുടെ പരിശീലനത്തിൽ താരം പങ്കെടുത്തിട്ടില്ല. ഇതോടെയാണ് ഫൈനൽ മത്സരം നഷ്ടപ്പെട്ടേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്.
സെമി മത്സരത്തിനിടെ പിൻതുടയിലെ പേശീവലിവിനെ തുടർന്ന് മെസി അസ്വസ്ഥതയോടെ നടക്കുന്നത് കാണാമായിരുന്നു. എന്നാൽ, വേദന വകവയ്ക്കാതെ താരം മത്സരം പൂർണമായി കളിക്കുകയും ചെയ്തു. പേശീവലിവിനെക്കുറിച്ച് ടീമിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, സെമിയിൽ കളിച്ച ചില താരങ്ങൾക്കു പരിശീലനത്തിൽ വിശ്രമം അനുവദിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകരം ജിമ്മിലാണ് താരങ്ങൾ ചെലവഴിച്ചത്. ഇതിന്റെ ഭാഗമായാണ് മെസ്സിയും ഇന്ന് ഇറങ്ങാതിരുന്നതെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
മെസ്സിക്ക് പരിക്കേറ്റതായുള്ള വാർത്തകൾ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും നേരത്തെ തള്ളിയിരുന്നു. താരത്തിന്റെ ആരോഗ്യം നല്ല നിലയിൽ തന്നെയാണെന്നും ഓരോ കളിയിലും താരമായത് മെസ്സിയാണെന്നും മാർട്ടിനസ് പറഞ്ഞു. നെതർലൻഡ്‌സിനെതിരെ 120 മിനിറ്റ് കളിക്കേണ്ടി വന്നിട്ടുണ്ട്. അത് മെസ്സിക്ക് കടുത്തൊരു മത്സരമായിരുന്നു. എന്നിട്ടും എല്ലാ കളിയുടെയും അവസാനം വരെ മെസ്സി കളിക്കുകയും ചെയ്തുവെന്നും മാർട്ടിനസ് ചൂണ്ടിക്കാട്ടി.
ഇത് തന്‍റെ അവസാന ലോകകപ്പാകുമെന്ന് മെസ്സി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അതിനാൽ, ലോകകിരീടം സമ്മാനിച്ച് താരത്തിന് രാജകീയമായ യാത്രയയപ്പ് നൽകുകയാകും അർജന്റീന താരങ്ങളും ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നത്. ഇത്തവണ, ലോകകപ്പില്‍ അഞ്ചു ഗോളുമായി ഗോൾവേട്ടക്കാരിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്‌ക്കൊപ്പമാണ് മെസ്സി. ഫ്രാൻസിന്റെ ഒലിവർ ജിറൂദും അർജന്റീനയുടെ ജൂലിയൻ അൽവാരസും നാലു ഗോളുമായി തൊട്ടുപിന്നിലുമുണ്ട്.
Summary: Lionel Messi skips Argentina training as the media reports as the star is battling a hamstring injury ahead of World Cup final: Reports