FIFA World Cup
ആദ്യം ശ്രദ്ധിച്ചില്ല, അവസാനം കൈകൊടുത്തു; മെസി-ലെവൻഡോവ്‌സ്‌കി വൈറൽ വീഡിയോ
FIFA World Cup

ആദ്യം ശ്രദ്ധിച്ചില്ല, അവസാനം കൈകൊടുത്തു; മെസി-ലെവൻഡോവ്‌സ്‌കി വൈറൽ വീഡിയോ

Web Desk
|
1 Dec 2022 8:21 AM GMT

കളത്തിന് പുറത്ത് മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് മെസിയും ലെവന്‍ഡോവ്സ്കിയും

ദോഹ: അർജന്റീനയും പോളണ്ടും തമ്മിലെ മത്സരത്തിനിടെ ശ്രദ്ധേയമായത് സൂപ്പർതാരങ്ങളായ മെസിയുടെയും റോബോർട്ടോ ലെവൻഡോസ്‌കിയുടെയും 'പിണക്കവും ഇണക്കവും'. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മെസി പെനൽറ്റി പാഴാക്കിയപ്പോൾ യുവതാരങ്ങളാണ് അർജന്റീനക്കായി ഗോളുകൾ കണ്ടെത്തിയത്. ഗോൾ നേടിയില്ലെങ്കിലും കളം നിറയാൻ മെസിക്കായി.

കിട്ടിയ അവസരങ്ങളിലെല്ലാം മെസി പന്തുമായി പോളണ്ട് ഗോൾമുഖത്ത് എത്തി. അതിനിടെയായിരുന്നു ലെവൻഡോസ്‌കിയുടെ ഫൗള്‍. പിന്നാലെ കൈകൊടുക്കാനായി ലെവൻഡോസ്‌കി താരത്തിന് അടുത്ത് എത്തിയെങ്കിലും ഗൗനിക്കാതെ മുന്നോട്ടുപോയി. ഇതിന്റെ വീഡിയോ ഫുട്‌ബോൾ ആരാധകർ പങ്കുവെക്കുന്നുണ്ട്. അതേസമയം മത്സര ശേഷം ഇരുവരും കൈകൊടുക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പുറത്തുപരസ്പരം തട്ടിയാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

രണ്ട് ടീമുകളിലാണെങ്കിലും കളത്തിന് പുറത്ത് മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇരുവരും. മെസിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോഴെല്ലാം ഈ സൗഹൃദം വ്യക്തമാകാറുമുണ്ട്. ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകൾ മെസി നയിക്കുന്ന അർജന്റീനയാണെന്ന് നേരത്തെ ലെവൻഡോസ്‌കി അഭിപ്രായപ്പെട്ടിരുന്നു. മെസി ഏറെക്കാലം പന്ത് തട്ടിയ ബാഴ്‌സലോണിയിലാണിപ്പോൾ ലെവൻഡോസ്‌കി. 'എത്രയും വേഗം മെസിയെ ബാഴ്‌സയിൽ തിരികെ എത്തിക്കണം,അതിനെക്കുറിച്ചാണ് സംസാരിച്ചത് എന്നായിരുന്നു ലെവൻഡോസ്‌കി-മെസി സംഭാഷണത്തെക്കുറിച്ച് ഒരു ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അതേസമയം പോളണ്ടിനെതിരായ ജയത്തോടെ കരിയറിന്റെ പുതിയ ഉയരങ്ങളിലേക്ക് അർജന്റീനന്‍ നായകന്‍ ലയണൽ മെസി എത്തി. അര്‍ജന്റീനക്കായി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച ഡിയാഗോ മറഡോണയുടെ റെക്കോർഡ് മെസി മറികടന്നു. ലോകകപ്പിലേത് മെസിയുടെ 22ാം മത്സരമായിരുന്നു പോളണ്ടിനെതിരെ. അർജന്റീനക്ക് വേണ്ടി 21 ലോകകപ്പുകളിലാണ് മറഡോണ ബൂട്ടുകെട്ടിയത്.

Similar Posts