FIFA World Cup
സൗദിക്കെതിരെ തോറ്റത് വഴിത്തിരിവായി, പിന്നെ ഈ സ്‌നേഹവും: സ്‌കലോണി
FIFA World Cup

സൗദിക്കെതിരെ തോറ്റത് വഴിത്തിരിവായി, പിന്നെ ഈ സ്‌നേഹവും: സ്‌കലോണി

Web Desk
|
15 Dec 2022 7:12 AM GMT

തോറ്റ് തുടങ്ങിയ അർജന്റീന കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്

ദോഹ: റെക്കോര്‍ഡ് ജയത്തോടെ ഖത്തറിലെത്തിയ മെസിപ്പടയെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൗദി അറേബ്യയുടെ വിജയം. തോറ്റ് തുടങ്ങിയ അർജന്റീന ഇപ്പോൾ കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്. എന്നാൽ സൗദിക്കെതിരായ തോൽവിയായിരുന്നു ടീമിന്റെ വഴിത്തിരിവെന്ന് പറയുകയാണ് പരിശീലകൻ ലയണൽ സ്‌കലോണി.

'സൗദി അറേബ്യയോട് തോറ്റതിന് ശേഷം ഫാന്‍സ് ഞങ്ങളെ കൈവിട്ടില്ല. അതിശയകരമായ പിന്തുണയും സ്‌നേഹവും അനുഭവപ്പെട്ടു. തിരിച്ചുവരാനുള്ള ഊർജവും പിൻബലവും ആ സ്‌നേഹവായ്പുകൾക്കുണ്ടായിരുന്നു'- സ്‌കലോണി പറഞ്ഞു. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു സ്‌കലോണിയുടെ അഭിപ്രായ പ്രകടനം. 'ഏതൊരു അർജന്റീനക്കാരനും സ്വപ്നം കാണുന്ന നേട്ടത്തിനരികിലാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ ആഘോഷങ്ങളെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു സൗദി അറേബ്യയുടെത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌കലോണിയുടെ സംഘത്തിന്റെ തോൽവി. ഒരു ഗോളിന് മുന്നിട്ട ശേഷമായിരുന്നു അർജന്റീനയുടെ തോൽവി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന പരുങ്ങലിലായി. മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ കളികളും ജയിക്കണമെന്നായി. അതോടെ വീറും വാശിയും വർധിപ്പിച്ച് അർജന്റീന മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീടുള്ള അഞ്ച് മത്സരങ്ങളും അർജന്റീന വിജയിച്ചു. എല്ലാം ആധികാരികം. ഇതില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തിയത് ഷൂട്ടൗട്ടിലൂടെയും.

ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിൽ അർജന്റീന, മെസിയിലൂടെ ഇടം നേടി. അഞ്ച് ഗോളാണ് മെസിയുടെ സമ്പാദ്യം. അത്രയും ഗോളുകളുമായി ഫ്രാൻസിന്റെ എംബപ്പെയും നാല് ഗോളുകളുമായി ഒലിവിയർ ജിറൂദും ഒപ്പമുണ്ട്. ഈ മൂന്ന് താരങ്ങളും ഫൈനലിലുണ്ട് എന്നതും പ്രത്യേകതയാണ്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കലാശപ്പോര്.

Similar Posts