അന്ന് മെസ്സിയുടെ കണ്ണീർ വീഴ്ത്തി, ഇന്ന് കിരീടനേട്ടത്തിൽ സന്തോഷത്തിലാറാടി ഗോട്സെ
|ഫൈനലിൽ മരിയോ ഗോട്സെ നേടിയ ഗോളിലാണ് 2014ൽ അർജന്റീനയെ തകർത്ത് ജർമനി കിരീടം ചൂടിയത്.
എട്ട് വർഷങ്ങൾക്ക് മുമ്പ്, 2014ൽ ലോകകപ്പ് കിരീടമെന്ന ലയണൽ മെസ്സിയുടെ സ്വപ്നം തകർത്തുകളഞ്ഞത് മരിയോ ഗോട്സെയെന്ന താരമായിരുന്നു. ഫൈനലിൽ പകരക്കാരനായി ഇറങ്ങിയ ഗോട്സെ അധികസമയത്ത് നേടിയ ഗോളിലായിരുന്നു ജർമനി ലോക ജേതാക്കളായത്. അന്ന് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയിട്ടും ലോകകപ്പ് കിരീടത്തിലേക്ക് നഷ്ടബോധത്തോടെ നോക്കി കണ്ണ് നിറഞ്ഞിരിക്കുന്ന മെസ്സിയുടെ ചിത്രം വൈറലായിരുന്നു.
എന്നാൽ മെസ്സിയുടെ കിരീടനേട്ടത്തിൽ സന്തോഷത്തിലാറാടുന്ന ഗോട്സെയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ മകനൊപ്പം അർജന്റീനയുടെ വിജയമാഘോഷിക്കുന്ന ഗോട്സെയുടെ ട്വിറ്റർ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫുട്ബോൾ എന്നത് കേവലം ഒരു കളി മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് ഗോട്സെയുടെ ആഹ്ലാദപ്രകടനമെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.
Mario Götze celebrating Lionel Messi's World Cup victory with his son is one of football's great full-circle moments.
— Zach Lowy (@ZachLowy) December 19, 2022
pic.twitter.com/7rpAcwi9bU
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് അർജന്റീന കിരീടം നേടിയത്. ഇത്തവണയും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് മെസ്സിയാണ്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് എറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനാണ്.