രണ്ട് ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ തേടുന്ന ആദ്യ താരം; ചരിത്രം രചിച്ച് ലയണൽ മെസ്സി
|2014ൽ ബ്രസീൽ ലോകകപ്പിൽ ജർമനി ജേതാക്കളായപ്പോൾ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം മെസ്സിക്കായിരുന്നു.
ദോഹ: രണ്ട് ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇനി സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ. 2014ൽ ബ്രസീൽ ലോകകപ്പിൽ ജർമനി ജേതാക്കളായപ്പോൾ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം മെസ്സിക്കായിരുന്നു. ഖത്തർ ലോകകപ്പിലും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മെസ്സി ഒരു അപൂർവ നേട്ടത്തിന് കൂടി ഉടമയായത്.
ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് സൂചന നൽകിയ മെസ്സി ലോക കിരീടവും ഗോൾഡൻ ബോൾ പുരസ്‌കാരവും നേടിയാണ് ഖത്തറിൽനിന്ന് വിടപറയുന്നത്. ലയണൽ മെസ്സിയുടെ ചിറകിലേറിയാണ് ഖത്തറിന്റെ മണ്ണിൽ അർജന്റീന ലോക ജേതാക്കളായത്.
സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ മെസ്സി ഗോൾവേട്ടക്ക് തുടക്കമിട്ടിരുന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ എക്‌സ്ട്രാ ടൈമിൽ അർജന്റീനക്ക് മുൻതൂക്കം നൽകിയ ഗോൾ നേടിയതും മെസ്സിയായിരുന്നു. ഏഴ് ഗോളുകളാണ് അർജന്റീന നായകൻ അടിച്ചൂകൂട്ടിയത്. ഗോളുകളെക്കാൾ മികച്ചതായിരുന്നു ഈ ലോകകപ്പിൽ മെസ്സിയുടെ അസിസ്റ്റുകൾ. സെമിയിൽ ക്രോയേഷ്യക്കെതിരെ ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ പ്രതിരോധ നിരക്കാരൻ ഗ്വാർഡിയോളിനെ കബളിപ്പിച്ച് അൽവാരസിന്റെ ഗോളിലേക്ക് വഴിതുറന്ന അസിസ്റ്റ് അടക്കം അർജന്റീന അടിച്ച മിക്ക ഗോളുകളിലും മെസ്സിയുടെ പാദസ്പർശമുണ്ടായിരുന്നു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലടിപ്പിച്ച ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക ജേതാക്കളായത്. ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്കാണ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം. അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനാണ് ഗോൾഡൻ ഗ്ലൗ.