FIFA World Cup
ഫിഫ തലവനോട് കലിപ്പ് തീര്‍ത്ത് ഹക്കീമി, വാക്കേറ്റം; ഒടുവിൽ മാപ്പ്
FIFA World Cup

ഫിഫ തലവനോട് കലിപ്പ് തീര്‍ത്ത് ഹക്കീമി, വാക്കേറ്റം; ഒടുവിൽ മാപ്പ്

Web Desk
|
18 Dec 2022 10:20 AM GMT

ക്രൊയേഷ്യയും മൊറോക്കോയും തമ്മിൽ നടന്ന മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരശേഷമായിരുന്നു സംഭവം

ദോഹ: മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഒരു ഗോളിന് തോറ്റതിനു പിന്നാലെ ഫിഫ തലവൻ ഇൻഫാന്റിനോ ജിയാനിയോട് കയർത്ത് മൊറോക്കോയുടെ സൂപ്പർ താരം അഷ്‌റഫ് ഹക്കീമി. മത്സരത്തിൽ രണ്ടു തവണ പെനാൽറ്റി അവസരം റഫറി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇൻഫാന്റിനോയോട് താരം ക്ഷോഭിച്ചത്. എന്നാൽ, ആ സമയത്ത് ദേഷ്യംവന്ന് പറഞ്ഞുപോയതാണെന്നും മാപ്പുപറഞ്ഞിട്ടുണ്ടെന്നും ഹക്കീമി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂസുഫ് അന്നസീരിയുടെ ഹെഡർ ബോക്‌സിനകത്ത് ക്രൊയേഷ്യൻ സ്‌ട്രൈക്കർ ബ്രൂണോ പെറ്റ്‌കോവിച്ചിന്റെ കൈയിൽ തട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മൊറോക്കോ താരങ്ങൾ പെനാൽറ്റിക്കായി മുറവിളി കൂട്ടിയത്. എന്നാൽ, മത്സരം നിയന്ത്രിച്ച ഖത്തർ റഫറി അബ്ദുറഹ്മാൻ അൽജാസിം ഇത് അംഗീകരിച്ചില്ല.

മറ്റൊരു അവസരത്തിൽ ബോക്‌സിനകത്ത് ഹക്കീമിയെ ക്രൊയേഷ്യൻ താരം ഫൗൾ ചെയ്തതും മൊറോക്കോ ഉയർത്തിയെങ്കിലും 'വാർ' പരിശോധനയ്ക്കു പോലും റഫറി കൂട്ടാക്കിയില്ല. മത്സരത്തിൽ 1-2ന് മൊറോക്കോ ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ കലിപ്പാണ് മത്സരശേഷം ഹക്കീമി ഫിഫ തലവനോട് തീർത്തത്.

എന്നാൽ, പറഞ്ഞതിനെല്ലാം ഇൻഫാന്റിനോയോട് മാപ്പുപറഞ്ഞിട്ടുണ്ടെന്ന് അഷ്‌റഫ് ഹക്കീമി പിന്നീട് പ്രതികരിച്ചു. ''ഒന്നും സംഭവിച്ചിട്ടില്ല. മത്സരശേഷം ഞാൻ നല്ല കലിപ്പിലായിരുന്നു. അങ്ങനെയാണ് വിഷയം സംസാരിക്കാനായി അദ്ദേഹത്തിന്റെ അടുത്ത് പോയത്. പറഞ്ഞതിനെല്ലാം മാപ്പുചോദിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകുയും ചെയ്യുന്നു.''-ഹക്കീമി കൂട്ടിച്ചേർത്തു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഇന്നലെ നടന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം സാക്ഷ്യംവഹിച്ചത്. ആദ്യ ഒൻപതു മിനിറ്റിനകം തന്നെ ഇരുടീമുകളുടെയും വല കുലുങ്ങി. ഗ്വാർഡിയോൾ ക്രൊയേഷ്യയ്ക്കു വേണ്ടിയും അഷ്‌റഫ് ദാരി മൊറോക്കോയ്ക്കു വേണ്ടിയും ലക്ഷ്യംകണ്ടു. എന്നാൽ, ആദ്യ പകുതിയുടെ അവസാനത്തിൽ മിസ്ലാവ് ഒർസിച്ചിലൂടെ ക്രൊയേഷ്യ ലീഡുയർത്തുകയും ചെയ്തു. പിന്നീട് പലതവണ മത്സരത്തിലേക്കു തിരിച്ചുവരാൻ ആഫ്രിക്കൻ സംഘം പൊരുതിനോക്കിയെങ്കിലും ഫലംകണ്ടില്ല.

Summary: 'He's my friend' - Morocco star Achraf Hakimi apologised to FIFA president Gianni Infantino following angry outburst after defeat against Croatia

Similar Posts