സൂപ്പർ താരത്തിന് പരിക്ക്; ആശങ്കയിൽ ഫ്രഞ്ച് ക്യാമ്പ്
|കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ താരം പങ്കെടുത്തില്ല.
ദോഹ: അർജന്റീനയ്‌ക്കെതിരെയുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിന് മുമ്പോടിയായി ഫ്രഞ്ച് ക്യാമ്പിൽ പരിക്ക് ഭീതി. ഈ ലോകകപ്പിൽ ഇതുവരെ നാലു ഗോളുകൾ നേടിയ സൂപ്പർ താരം ഒലിവർ ജിറൂഡ് ഫൈനലില്‍ ഇറങ്ങില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ താരം പങ്കെടുത്തില്ല. ജസീം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ഇവിടേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ജിറൂഡിന് പുറമേ, സെന്റർ ബാക്ക് റഫേൽ വരാനയെയും പരിശീനത്തിനിറങ്ങിയില്ല. എന്നാൽ പനി ബാധിച്ച ദയോട് ഉപമെകാനോ ട്രയിനിങ്ങില്‍ പങ്കെടുത്തെന്ന് എൽ എക്വിപെ റിപ്പോർട്ടു ചെയ്തു. ജിറൂഡും വരാനെയും ഇറങ്ങുന്നില്ലെങ്കിൽ കോച്ച് ദിദിയർ ദെഷാംപ്‌സിന് കളത്തിലെ തന്ത്രങ്ങൾ തന്നെ അഴിച്ചുപണിയേണ്ടി വരും. ഈ സാഹചര്യത്തിൽ മാർക്കസ് തുറാം പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമെന്നാണ് സൂചനകൾ.
ടൂർണമെന്റിൽ ഇതുവരെ കൃത്യമായ പ്രതിരോധ സൂത്രവാക്യം ഉണ്ടാക്കിയെടുക്കാൻ ഇതുവരെ ദെഷാംപ്‌സിനായിട്ടില്ല. ഇതിന് പിന്നാലെയാണ് പരിക്കിന്റെ ആശങ്കകൾ ആധിയേറ്റുന്നത്. പ്രതിരോധം ഉലഞ്ഞിട്ടുണ്ടെങ്കിലും മൂർച്ചയേറിയ മുന്നേറ്റമാണ് ഫ്രഞ്ച് നിരയുടെ കരുത്ത്. സ്‌ട്രൈക്കിങ്ങിൽ എംബാപ്പെയും ഡെംബലെയും മധ്യനിരയിൽ ഗ്രീസ്മാനും മികച്ച ഫോമിലാണ്.
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് ലുസൈൽ സ്‌റ്റേഡിയത്തിലാണ് ഫൈനൽ. സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അർജന്റീന കലാശക്കളിക്ക് യോഗ്യത നേടിയത്. അട്ടിമറിക്ക് പേരുകേട്ട മൊറോക്കോയെ മറികടന്നാണ് ഫ്രാൻസെത്തുന്നത്. 2018ലെ റഷ്യൻ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. അർജന്റീന അവസാനമായി ജേതാക്കളായത് 1986ലാണ്. 2014ൽ ഫൈനലിലെത്തിയെങ്കിലും അന്ന് ജർമനിക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു.