സ്പെയിനെ മറിച്ചിടുമോ മൊറോക്കോ: പ്രീക്വാർട്ടറിൽ പോര് കനക്കും
|അൽ റയാൻ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.
ദോഹ: ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ ക്വാർട്ടർ ലക്ഷ്യമിട്ട് ഇറങ്ങുന്നു. പ്രീക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് എതിരാളികൾ. അൽ റയാൻ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.
ഏഴ് അടിച്ച് നേടിയ ആദ്യ ജയം. ഗോൾ അടിച്ചങ്കിലും ജർമനിയോട് സമനില. ജപ്പാനോട് ഏറ്റ അപ്രതീക്ഷിത തോൽവി. സ്പാനിഷ് സംഘത്തിന്റെ കരുത്തും ദൗർബല്യവും ഗ്രൂപ്പ് സ്റ്റേജിൽ തന്നെ വ്യക്തം. പക്ഷേ പ്രീക്വാർട്ടറിനിറങ്ങുമ്പോൾ മുൻതൂക്കം സ്പെയിനിന് തന്നെയാണ്.
ഒരു ടീം എന്ന നിലയിൽ സംഘടിതമാണ് എൻറിക്വെയുടെ പട. കുറിയ പാസുകളിൽ കളി മെനയുന്ന ശൈലിയിൽ തന്നെയാണ് വിശ്വാസം. യുവത്വവും പരിജയസമ്പത്തും ചേർന്നതാണ് മധ്യനിര. മുന്നേറ്റം ഇതിനോടകം കഴിവ് തെളിയിച്ചവരാണ്. പ്രതിരോധനിരയിൽ പാളിച്ചകളുണ്ട്. ഫെറൻ ടോറസ്, ഗാവി, പെഡ്രി, മെറാട്ട, ഓൽമോ ഈ ലോകകപ്പിൽ ഗോൾ നേടിയവർ ഇനിയുമുണ്ട് സ്പാനിഷ് സംഘത്തിൽ.
അതേസമയം പ്രവചനങ്ങളെ കാറ്റിൽ പറത്തി തോൽവി അറിയാതെ കുത്തിക്കുകയാണ് മൊറോക്കോ. സമനിലയോടെ തുടങ്ങിയ യാത്ര തുടർ വിജയങ്ങളിലാണ് എത്തിനിൽക്കുന്നത്. തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ലോകരണ്ടാം റാങ്കുകാരുമുണ്ട്. കായികക്ഷമതയും, ആസൂത്രണവുമാണ് ടീമിന്റെ കരുത്ത്. യൂറോപ്യൻ ലീഗുകളിലെ ഒരുപിടി താരങ്ങളും മൊറോക്കോയുടെ പ്രതീക്ഷയാണ്. ചടുലമായ കൗണ്ടർ നീക്കങ്ങളിലൂടെ ഗോൾ നേടുന്നതാണ് കളിശൈലി.
ഇിതനോടകം നാലു ഗോളുകൾ നേടിയ മുന്നേറ്റനിര അവസരങ്ങൾ മുതലാക്കാൻ കെൽപ്പുള്ളവരാണ്. സ്പാനീഷ് ടിക്കിടാക്കയെ മറിക്കടക്കാൻ പോന്നതാണ് അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധം. കടലാസിൽ കരുത്തർ സ്പെയിനാണ്, പക്ഷേ ആരെയും വീഴ്ത്തുമെന്ന് തെളിയിച്ചവരാണ് മൊറോക്കൊ. അവകാശവാദങ്ങളൊന്നും ഇല്ലാതെയായിരുന്നു മൊറോക്കോയുടെ വരവ്. മൊറോക്കൻ ഫുട്ബോളിന് ഒരു സുവർണ തലമുറയുണ്ടായിരുന്നു. 86ൽ ആദ്യമായി രാജ്യത്തെ ലോകകപ്പ് പ്രീക്വാർട്ടർ വരെയെത്തിച്ച സംഘം. പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം മങ്ങിപ്പോയവർ. ഇത് ഒരു രണ്ടാം വരവാണ്.