FIFA World Cup
എല്ലാ മത്സരവും തോറ്റ് ഖത്തർ: ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം
FIFA World Cup

എല്ലാ മത്സരവും തോറ്റ് ഖത്തർ: ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം

Web Desk
|
30 Nov 2022 4:57 AM GMT

സെനഗൽ, ഇക്വഡോർ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് 'എ'യിലായിരുന്നു ഖത്തർ.

ദോഹ: ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെതർലാൻഡിനോടും തോറ്റതോടെ ആതിഥേയരായ ഖത്തർ സംപൂജ്യരായി പുറത്ത്. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായണ് ഒരു ആതിഥേയ രാഷ്ട്രം എല്ലാ മത്സരവും തോൽക്കുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു നെതർലാൻഡിന്റെ വിജയം. സെനഗൽ, ഇക്വഡോർ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് 'എ'യിലായിരുന്നു ഖത്തർ.

ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോടായിരുന്നു ഖത്തറിന്റെ ആദ്യ തോൽവി(2-0). സെനഗലിനോടും തോറ്റു(3-1). എന്നാൽ ഒരു ഗോൾ ആഫ്രിക്കൻ കരുത്തരായ സെനഗൽ വലയിൽ നിക്ഷേപിക്കാൻ ഖത്തറിനായി. സെനഗലിനോട് തോറ്റതിന് പിന്നാലെ തന്നെ ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.

അവസാന മത്സരത്തിലും എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഖത്തറിന്റെ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് ഗോളുകളാണ് ഖത്തർ വഴങ്ങിയത്. ഒരു ആതിഥേയ രാജ്യം ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഏഴ് ഗോളുകൾ നേടുന്നത്. ഒരൊറ്റ ഗോൾ മാത്രമാണ് മൂന്ന് മത്സരങ്ങളിൽ നിന്ന് ഖത്തറിന് നേടാനായത്. മുഹമ്മദ് മുൻതരിയാണ് ഖത്തറിനായി ഗോൾ കണ്ടെത്തിയത്.

2010ൽ ആതിഥേയ രാജ്യമായ ദക്ഷിണാഫ്രിക്കയ്ക്കും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാനായിരുന്നില്ല. എന്നാൽ അന്ന് മൂന്ന് മത്സരങ്ങളിൽ നിന്നായി ജയവും സമനിലയും ഉൾപ്പെടെ നാല് പോയിന്റ് ദക്ഷിണാഫ്രിക്ക നേടിയിരുന്നു. അതേസമയം ആറ് തവണ ആതിഥേയ രാജ്യങ്ങൾ തന്നെ കിരീടമുയർത്തിയിട്ടുണ്ട്. അവസാനമായി ഒരു ആതിഥേയ രാഷ്ട്രം കിരീടമുയർത്തിയത് 1998ലാണ്. ഫ്രാൻസിനായിരുന്നു ആ നേട്ടം.

Related Tags :
Similar Posts