പ്രീ ക്വാർട്ടർ കടക്കാൻ അർജന്റീനയും ആസ്‌ത്രേലിയയും; ആര് വാഴും ആര് വീഴും?
|12.30 ന് അഹമദ് ബിൻ അലി സ്‌റ്റേഡിയത്തിലാണ് മത്സരം
അട്ടിമറികൾ തുടർക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ശേഷം ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ഫൈനലുകൾക്ക് തുടക്കമായപ്പോൾ ആദ്യ മത്സരത്തിൽ അമേരിക്കയെ നാട്ടിലേക്കയച്ച് ഓറഞ്ച് പട ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. ഇനി അടുത്ത ഊഴം അർജന്റീനയ്ക്കും ആസ്ത്രേലിയക്കുമാണ്. 12.30 ന് അഹമദ് ബിൻ അലി സ്‌റ്റേഡിയത്തിലാണ് മത്സരം.
അർജന്റീനയും ആസ്ത്രേലിയയും തമ്മിൽ ഏറ്റുമുട്ടിയത് 7 തവണയാണ്. ഏഴിൽ അഞ്ച് മത്സരത്തിലും വിജയിച്ച് സർവാധിപത്യം അർജന്റീനക്കൊപ്പമായിരുന്നു. ആസ്ത്രേലിയയ്ക്ക് ഒരു കളിയിൽ വിജയിക്കാനായപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. 2007 ലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയ്ക്ക് വിജയിക്കാനായി.
ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അർജന്റീനയുടെ വരവ്. സൗദി അറേബ്യയോട് അട്ടിമറിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മെക്‌സിക്കോ, പോളണ്ട് ടീമുകളെ പരാജയപ്പെടുത്താനായതിന്റെ ആത്മവിശ്വാസത്തിലാണ ്‌സ്‌കലോണി പട. അഭിമാനപേരിൽ ലോക കിരീടത്തിലേക്കുള്ള ജൈത്രയാത്ര തുടരാൻ പുതിയ അടവുകൾ പരീക്ഷിച്ചായിരിക്കും അർജന്റീന ഗ്രൗണ്ടിലിറങ്ങുക. ഏറ്റവും മികച്ച ജയത്തിൽ കുറഞ്ഞതെന്നും അർജന്റീനക്ക് മുന്നിലുണ്ടാകില്ല.
ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ആസ്‌ത്രേലിയ എത്തിയത്. ഫ്രാൻസിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും തുനീസിയ, ഡെൻമാർക്ക് ടീമുകളെ കെട്ടുകെട്ടിച്ചാണ് ആസ്ത്രേലിയ പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. 2006-നുശേഷം ആദ്യമായാണ് അവർ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്.
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഞായറാഴ്ച രാത്രി 8.30ന് പോളണ്ടിനേയും രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനേയും നേരിടും. തിങ്കളാഴ്ച രാത്രി 8.30ന് നിലവിലെ റണ്ണറപ്പുകളായ ക്രെയേഷ്യ ജപ്പാനേയും രാത്രി 12.30ന് ബ്രസീൽ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും. ചൊവ്വാഴ്ച സ്പെയിൻ മൊറോക്കോയേയും പോർച്ചുഗീസ് പട സ്വിസ് പടയേയും നേരിടും