FIFA World Cup
വിവാദം തുടരുന്നു: സബ്സ്റ്റിറ്റിയൂട്ടുകൾക്കൊപ്പം പരിശീലനത്തിനിറങ്ങാൻ വിസമ്മതിച്ച് റൊണാൾഡോ
FIFA World Cup

'വിവാദം തുടരുന്നു': സബ്സ്റ്റിറ്റിയൂട്ടുകൾക്കൊപ്പം പരിശീലനത്തിനിറങ്ങാൻ വിസമ്മതിച്ച് റൊണാൾഡോ

Web Desk
|
8 Dec 2022 6:31 AM GMT

ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് റൊണാൾഡോയെ ഉൾപ്പെടുത്താത്തതെന്നായിരുന്നു പരിശീലകന്റെ വിശദീകരണം

ദോഹ: സ്വിറ്റ്‌സർലാൻഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് ഫുട്‌ബോൾ ലോകത്ത് ചർച്ചയായിരുന്നു. ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് റൊണാൾഡോയെ ഉൾപ്പെടുത്താത്തതെന്നായിരുന്നു പരിശീലകന്റെ വിശദീകരണം. ഇപ്പോഴിതാ റോണോയെ ചുറ്റിപ്പറ്റി ചില വാർത്തകളും പുറത്തുവരുന്നു.

സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ടുകാര്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സബ്സ്റ്റിറ്റിയൂട്ടുകൾക്കൊപ്പം പരിശീലനത്തിനിറങ്ങാതെ റൊണാൾഡോ ജിമ്മിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് ഡെയ്ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്‌സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തന്നെ തുടര്‍ന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിറ്റ്‌സർലാൻഡിനെതിരെ വിജയിച്ചതിന് പിന്നാലെ ടീം അംഗങ്ങളുടെ ഗ്രൗണ്ടിലെ ആഘോഷവേളയില്‍ റോണോ പങ്കെടുക്കാത്തതും ചര്‍ച്ചയായി. ഗ്രൗണ്ടിൽ ടീം അംഗങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ റൊണാൾഡോ ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു.

സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു. റൊണാൾഡോ പരീശലകനുമായി നല്ല ബന്ധത്തിലല്ലെന്ന അഭ്യൂഹവും ശക്തമാണ്. അതേസമയം ക്രിസ്റ്റ്യാനോയുമായി പ്രശ്‌നമൊന്നുമില്ലെന്നാണ് പരിശീലകൻ സാന്റോസ് വ്യക്തമാക്കുന്നത്. നായകനെന്ന നിലയിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചയാളാണ് റോണോയെന്നും സാന്റോസ് കൂട്ടിച്ചേർത്തിരുന്നു. സ്വിറ്റ്‌സർലാൻഡിനെതിരെ 6-1ന്റെ തകർപ്പൻ ജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലന്റെ എതിരാളി.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും റോണോക്ക് ആദ്യ ഇലവനിൽ ഇടംലഭിക്കുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചും റോണോക്ക് പകരക്കാരനായി എത്തിയ ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടുകയും ചെയ്ത പശ്ചാതലത്തിൽ.

Similar Posts