FIFA World Cup
2026 ലോകകപ്പിൽ മെസ്സി കളിക്കുമോ?; അർജന്റീന കോച്ചിന്റെ മറുപടി ഇങ്ങനെ
FIFA World Cup

2026 ലോകകപ്പിൽ മെസ്സി കളിക്കുമോ?; അർജന്റീന കോച്ചിന്റെ മറുപടി ഇങ്ങനെ

Web Desk
|
19 Dec 2022 5:46 AM GMT

നടുവൊടിച്ച് പണിയെടുത്താണ് അർജന്റീന താരങ്ങൾ ലോകകപ്പ് നേടിയതെന്നും ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്‌കലോണി പറഞ്ഞു.

ദോഹ: മെസ്സിക്ക് താൽപര്യമുണ്ടെങ്കിൽ അദ്ദേഹം ഉറപ്പായും 2026 ലോകകപ്പിലെ അർജന്റീന ടീമിനൊപ്പം ഉണ്ടാവുമെന്ന് കോച്ച് ലയണൽ സ്‌കലോണി. കളിക്കണോ എന്നത് മെസ്സിയുടെ മാത്രം തീരുമാനമാണ്. നടുവൊടിച്ച് പണിയെടുത്താണ് അർജന്റീന താരങ്ങൾ ലോകകപ്പ് നേടിയതെന്നും ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്‌കലോണി പറഞ്ഞു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം ചൂടിയത്. ഫൈനലിൽ രണ്ട് ഗോളുകളാണ് മെസ്സി നേടിയത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ മെസ്സി സൂചന നൽകിയിരുന്നു. എന്നാൽ പന്ത് മെസ്സിയുടെ കോർട്ടിലാണെന്നാണ് സ്‌കലോണി പറയുന്നത്.

''കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടാകും. അർജന്റീനക്ക് വേണ്ടി കളിക്കണോ വേണ്ടയോ എന്നതും തന്റെ കരിയറിൽ ഇനി എന്ത് ചെയ്യണമെന്നും അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. മെസ്സി ഞങ്ങൾക്ക് വലിയൊരു കളിക്കാരനാണ്. അദ്ദേഹത്തെയും സഹതാരങ്ങളെയും പരിശീലിപ്പിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. സമാനതയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം തന്റെ സഹതാരങ്ങൾക്ക് കൈമാറുന്നത്''-സ്‌കലോണി പറഞ്ഞു.

താൻ അർജന്റീന ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് ഫൈനലിന് ശേഷം മെസ്സി പറഞ്ഞിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം മെസ്സിയാണ് സ്വന്തമാക്കിയത്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഗോളുകൾ സ്വന്തമാക്കിയ താരവും മെസ്സിയാണ്. ഈ ലോകകപ്പിൽ മാത്രം ഏഴ് ഗോളുകളാണ് അദ്ദേഹം നേടിയത്.

Similar Posts