ആര് സ്വന്തമാക്കും? ഗോൾഡൻ ബൂട്ടിനും പൊരിഞ്ഞ പോര്
|കനകകിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി
ദോഹ: സെമി ഫൈനൽ പോരാട്ടം തുടങ്ങുന്നതോടെ ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുകയാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം.
കരിയറിന്റെ അന്ത്യത്തിൽ ലോകകിരീടം കൊതിച്ച് ഖത്തറിന്റ കളിമൈതാനങ്ങളിൽ മായാജാലം കാട്ടുന്ന ലയണൽ മെസി. ചെറുപ്പത്തിന്റ തിളപ്പിൽ തീപടർത്തുന്ന കിലിയൻ എംബാപ്പെ. അവഗണനയ്ക്ക് മേൽ കെട്ടിപ്പടുത്ത കളിജീവിതത്തിന്റെ നിർണായക മുഹൂര്‍ത്തങ്ങളിലുള്ള ഒലീവിയർ ജിറൂദ്. ഒരറ്റം മുതൽ മറുപുറം വരെ പന്തുമായി കുശലം പറഞ്ഞ് പാറി നടക്കുന്ന ലൂക്കാ മോഡ്രിച്ച്. അന്തിമഘട്ടത്തിൽ ടോപ് സ്കോററിനും മികച്ച താരത്തിനുമായുള്ള പോരാട്ടം ഇവരിലേക്ക് ഒതുങ്ങുകയാണ്.
കനകകിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി. കളിമെനയാനും ഗോളടിക്കാനും മെസി തന്നെ മുന്നിൽ. തുടക്കത്തിലെ തിരിച്ചടി നേരിട്ട അർജന്റീനയെ കൈപിടിച്ച് ഉയർത്തി. നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും. ഗോൾഡൻ ബോളിലും ഗോൾഡൻ ബൂട്ടിലും മെസി ഒരുപോലെ കണ്ണുവെയ്ക്കുന്നു. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസി.
ഫ്രഞ്ച് ബുള്ളറ്റ് ട്രെയിൻ കിലിയൻ എംബാപ്പെയാണ് ഗോൾ നേട്ടക്കാരിൽ ഒന്നാമതുള്ളത്. അഞ്ച് ഗോളുകൾ എംബാപ്പെയുടെ ബൂട്ടിൽ നിന്ന് പിറന്നു. വേഗതയും ഷൂട്ടിങ് മികവും ഒരുപോലെ. രണ്ട് അസിസ്റ്റുകളും എംബാപ്പെയുടെ പേരിലുണ്ട്. മികച്ച താരമാകാനും ടോപ് സ്കോററാകാനും ഒരു പോലെ സാധ്യതയുള്ള താരം.
ഫ്രഞ്ച് ആരാധകർക്കിടയിൽ പോലും സ്വീകാര്യനല്ലാത്ത ജിറൂദ് ഖത്തറിൽ ഗോളടിച്ച് കൂട്ടുകയാണ്. ടിപ്പിക്കൽ സ്ട്രൈക്കർ എന്ന നിലയിൽ ലോകകപ്പിൽ ഏറ്റവും തിളങ്ങിയ താരം. നാല് ഗോളുകളാണ് ജിറൂദ് ഇതുവരെ നേടിയത്. ഗോൾ നേട്ടത്തിൽ തിയറി ഹെൻറിയെ മറികടന്ന ജിറൂദ് സെമിയിലും ഫ്രഞ്ച് ആക്രമണത്തിന്റെ മുനമ്പിലുണ്ടാകും. ക്രൊയേഷ്യൻ എഞ്ചിൻ ലൂക്കാ മോഡ്രിച്ചും മികച്ച താരമാകാനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ ലോകകപ്പിൽ മോഡ്രിച്ചായിരന്നു ടൂർണമെന്റിലെ താരം. കഴിഞ്ഞ ലോകകകപ്പിലെ ഫോം അതുപോലെ ഖത്തറിലും തുടരുകയാണ് ലൂക്ക മോഡ്രിച്ച്. അർജന്റീനക്ക് ക്രൊയേഷ്യയും ഫ്രാൻസിന് മൊറോക്കോയുാണ് സെമിയിൽ എതിരാളികൾ.