FIFA World Cup
പറങ്കികൾക്ക് സ്വിസ് പട; പ്രീക്വാർട്ടറിലൊരുങ്ങുന്നത് വമ്പൻ മത്സരം
FIFA World Cup

പറങ്കികൾക്ക് സ്വിസ് പട; പ്രീക്വാർട്ടറിലൊരുങ്ങുന്നത് വമ്പൻ മത്സരം

Web Desk
|
6 Dec 2022 2:27 AM GMT

ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസയിൽ സ്റ്റേഡിയത്തിലാണ് മത്സരം

ദോഹ: ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യം വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാൻഡാണ് എതിരാളികൾ. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസയിൽ സ്റ്റേഡിയത്തിലാണ് മത്സരം.

ആശങ്കകൾക്ക് ഇടയില്ലാതെ പ്രീക്വാർട്ടർ ഉറപ്പിച്ചവരാണ് പോർച്ചുഗൽ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് വരവ്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു പറങ്കിപ്പട. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ ഞെട്ടുകയായിരുന്നു.

സ്വിസ് പൂട്ട് പൊട്ടിക്കാൻ കെൽപ്പുണ്ട് പോർച്ചുഗലിന്. കൊറിയക്കെതിരെയും ഘാനക്കെതിരെയും വീണു പോയ പ്രതിരോധമാണ് ആശങ്ക. മധ്യനിരയിൽ കാര്യമായ പ്രശ്നങ്ങളില്ല. ബ്രൂണോ ഫെർണാണ്ടസും, ബെർണാഡോ സിൽവയും, ജാവോ ഫെലിക്സും അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റോണാൾഡോ കൂടി ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ട് തവണ മാത്രമെ പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നിട്ടുള്ളൂ. 1966ലും 2006ലുമായിരു അത്. നോക്കൗട്ടിൽ വീഴുക എന്നതാണ് കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലായി പോർച്ചുഗലിൽ നിന്നുണ്ടാകുന്നത്. ഇക്കുറിയെങ്കിലും അതിന് മാറ്റം വരുത്താനുള്ള തീവ്ര പ്രയത്‌നത്തിലാണ് പറങ്കിപ്പട.

അതേസമയം കാമറൂണിനെയും സെർബിയയേയും തോൽപ്പിച്ചാണ് സ്വിറ്റ്സർലാൻഡിന്റെ വരവ്. ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി എത്തുന്ന സ്വിസ്സ് ടീമിൽ നിന്ന് എന്തും പ്രതീക്ഷിക്കാം. ഷാക്കയും,ഷാക്കിരിയും,സോയും അടങ്ങുന്ന മധ്യനിരയാണ് കരുത്ത്. മുന്നേറ്റനിരയിൽ എംബോള ഗോൾ നേടുന്നത് പ്രതീക്ഷ നൽക്കുന്നു. പ്രതിരോധ നിരയിൽ പഴുതുകൾ ഏറെയാണ്. നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയങ്ങളുടെ കണക്കിൽ സ്വിസ്സ് ടീമിന് മുൻതൂക്കമുണ്ട്. കണക്കിലും കളത്തിലും വിശ്വാസവും പ്രതീക്ഷയുമായി രണ്ട് ടീമുകളും ഏറ്റുമുട്ടുമ്പോൾ ലുസൈയിലിൽ തീപാറുമെന്ന് ഉറപ്പ്.

ഒരു ലോകകപ്പില്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഇതുവരെ മൂന്ന് മത്സരങ്ങൾ ജയിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും ക്വാർട്ടർ ഫൈനലിലെത്താൻ സ്വിസ് പടക്ക് കഴിഞ്ഞിട്ടില്ല. ഇതൊക്കെ സ്വിറ്റ്സര്‍ലാന്‍ഡിന്റെ മനസിലുണ്ടെങ്കിലും ചരിത്രം തിരുത്തുമെന്നുറപ്പിച്ചിരിക്കുകയാണ് മുറാത്ത് യാകിന്‍ പരിശീലിപ്പിക്കുന്ന സംഘം.

Similar Posts