FIFA World Cup
ഇനി ക്വാർട്ടർ ഫൈനലിൽ കാണാം; ടീമുകളും മത്സരവിവരങ്ങളുമറിയാം...
FIFA World Cup

ഇനി ക്വാർട്ടർ ഫൈനലിൽ കാണാം; ടീമുകളും മത്സരവിവരങ്ങളുമറിയാം...

Sports Desk
|
6 Dec 2022 10:09 PM GMT

ഡിസംബർ 18ന് ഇന്ത്യൻ സമയം 8.30ന് ഫൈനൽ നടക്കും

ദോഹ: ഇന്നത്തെ പോർച്ചുഗൽ -സ്വിറ്റ്‌സർലാൻഡ് മത്സരത്തോടെ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. ഇനി നടക്കാനുള്ളത് ക്വാർട്ടർ ഫൈനലുകളാണ്. ഡിസംബർ ഒമ്പതിനാണ് ആദ്യ ക്വാർട്ടർ. ഇന്ത്യൻ സമയം വൈകീട്ട് 8.30ന് ബ്രസീൽ ക്രെയേഷ്യയെ നേരിടും. ഡിസംബർ പത്തിന് രാത്രി ഇന്ത്യൻ സമയം 12.30ന് അർജൻറീനയും നെതർലൻഡ്‌സും ഏറ്റുമുട്ടും. 8.30ന് മൊറോക്കോയും പോർച്ചുഗലും തമ്മിലാണ് പോരാട്ടം. ഡിസംബർ 11ന് 12.30ന് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലാണ് മത്സരം നടക്കുക.

ഡിസംബർ 14,15 തിയ്യതികളിൽ ഇന്ത്യൻ സമയം 12.30നാണ് സെമി ഫൈനൽ മത്സരങ്ങൾ. ഡിസംബർ 17ന് 8.30ന് മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനൽ നടക്കും. ഡിസംബർ 18ന് ഇന്ത്യൻ സമയം 8.30ന് ഫൈനലും നടക്കും. പ്രീക്വാർട്ടറിൽ യു.എസ്.എ, ആസ്‌ത്രേലിയ, പോളണ്ട്, സെനഗൽ, ജപ്പാൻ, സൗത്ത് കൊറിയ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് എന്നീ ടീമുകളാണ് പുറത്തായത്.

ഇന്ന് നടന്ന അവസാന പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ ഒന്നിനെതിരെ ആറു ഗോൾക്കാണ് പോർച്ചുഗൽ വിജയിച്ചത്. ഗോൺസാലോ റാമോസിന്റെ ഹാട്രിക്കിന് പുറമേ നായകൻ പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്‌സർലൻഡിനായി ഒരു ഗോൾ നേടി.

ജാവോ ഫെലിക്‌സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ആദ്യ ഗോളടിച്ചത്. ഫെലിക്‌സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു. 51ാം മിനുട്ടിൽ ഡാലോട്ടിന്റെ പാസിലായിരുന്നു രണ്ടാം ഗോൾ. 67ാം മിനുട്ടിൽ റാമോസ് തന്റെ മൂന്നാം ഗോളടിച്ചു. റാഫേൽ 55ാം മിനുട്ടിലാണ് ഗോളടിച്ചത്. മത്സരത്തിലുടനീളം തിളങ്ങിയ ഗോൺസാലോ റാമോസായിരുന്നു അസിസ്റ്റ്. 32ാം മിനുട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപേ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം. സ്വിറ്റ്സർലൻഡിനായി അകുഞ്ചി ഗോൾ നേടിയത് 58ാം മിനുട്ടിലായിരുന്നു. 92ാം മിനുട്ടിൽ ഗ്വരീറോയായുടെ അസിസ്റ്റിലായിരുന്നു ലിയോയുടെ ഗോൾ.

73ാം മിനുട്ടിൽ ജാവോ ഫെലിക്‌സിനെ പിൻവലിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയെയിറക്കി. റാമോസിനെയും ഒട്ടാവിയയെയും പിൻവലിച്ച് റിക്കാർഡോ ഹോർതയെയും വിതിൻഹയെയും ഇറക്കി. 43ാം മിനുട്ടിൽ സ്വിറ്റ്‌സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്‌സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്. പിന്നീട് റൊണാൾഡോ ഒരുവട്ടം സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കൊടിയുയർന്നു.

2008ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂർണമെൻറിൽ ആദ്യ ഇലവനിൽ റൊണാൾഡോയില്ലാതെ പോർച്ചുഗൽ ഇറങ്ങിയത്. പോർച്ചുഗൽ 4-3-3 ഫോർമാറ്റിലും സിസ് പട 4-2-3-1 ഫോർമാറ്റിലുമാണ് കളിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30 മുതലാണ് മത്സരം.

29ാം മിനുട്ടിൽ സ്വിസ്സർലൻഡിന് ലഭിച്ച ഫ്രീകിക്ക് ഷാക്കിരിയാണെടുത്തത്. പക്ഷേ ഗോളി തട്ടിയകറ്റി.

പോർച്ചുഗൽ:

ഡിഗോ കോസ്റ്റ, ഡിഗോ ഡാലോട്ട്, റൂബെൻ ഡിയാസ്, പെപേ (ക്യാപ്റ്റൻ), റാഫേൽ ഗ്വറേറിയോ, ബെർണാഡോ സിൽവ, വില്യം കാർവൽഹോ, ഒടാവിയ, ബ്രൂണോ ഫെർണാണ്ടസ്, ജോ ഫെലിക്സ്, ഗോൺസാലോ റാമോസ്. കോച്ച് : ഫെർണാണ്ടോ സാന്റോസ്.

സ്വിറ്റ്സർലൻഡ്:

യാൻ സോമ്മെർ, എഡിമിൽസൺ ഫെർണാണ്ടസ്, മാന്വൽ അകൻഞ്ചി, റികാർഡോ റോഡിഗ്രസ്, ഫാബിയാൻ സാഞ്ചർ, റെമോ ഫ്രയിലെർ, ഗ്രാനിത് ഷാക്ക (ക്യാപ്റ്റൻ), ദിജിബ്രിൽ സോ, റൂബൻ വർഗാസ്, ഷർദാൻ ഷാഖിരി, ബ്രീൽ എംബോള. കോച്ച്: മുറാദ് യാകിൻ.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പ്രീക്വാർട്ടറിലേക്ക് പോർച്ചുഗൽ വന്നത്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ ഞെട്ടുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ മാത്രമെ പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നിട്ടുള്ളൂ. 1966ലും 2006ലുമായിരുന്നത്.

world cup quarter final 2022

Similar Posts