പറങ്കിക്കപ്പൽ മുക്കി കൊറിയൻ പടയോട്ടം; പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയക്ക് വിജയം
|ഹവാങ് ഹീ ചാനാണ് കൊറിയയുടെ വിജയഗോൾ നേടിയത്
ദോഹ:ഗ്രൂപ്പ് എച്ചിലെ അവസാന മത്സരങ്ങളിലൊന്നിൽ പറങ്കിക്കപ്പൽ മുക്കി ദക്ഷിണ കൊറിയൻ പടയോട്ടം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഏഷ്യൻ ടീം വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി. അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായ് തോൽപ്പിച്ചു. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാർട്ടർ കാണാതെ പുറത്തായി.
മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പോർച്ചുഗലിന് വിജയിക്കാനോ ലീഡ് നിലനിർത്താനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലാണ് ആദ്യം വലകുലുക്കിയത്. വിങ്ങ് പ്ലയറായ റിക്കാർഡോ ഹോർത്തയാണ് ഗോൾ നേടിയത്. ഡലോട്ട് നൽകിയ പാസാണ് കട്ട് ചെയ്തു ഹോർത്ത ഗോളാക്കി മാറ്റിയത്. 27-ാം മിനിറ്റിൽ കിം യങ് ഗൗണിലൂടെയായിരുന്നു കൊറിയയുടെ തിരിച്ചടി. കോർണർ കിക്കിൽ റൊണാൾഡോയുടെ പിഴവിലൂടെ ലഭിച്ച അവസരം ഗൗൺ ഗോളാക്കി മാറ്റുകയായിരുന്നു.
ഇരു ടീമുകളുടേയും ലൈനപ്പ്
പോർച്ചുഗൽ: ക്രിസ്റ്റാന്യോ റൊണാൾഡോ, ഹോർത്ത, മാരിയോ, വിട്ടിൻഹ, നെവസ്്, നുനസ്, കാൻസലോ, പെപ്പെ, സിൽവ, ദലോട്ട്, കോസ്റ്റ.
ദക്ഷിണ കൊറിയ: ജി.എസ് ചോ, ജെ. ലീ, എച്ച്. സൺ, കെ. ലീ, ഐ. ഹ്വാങ്, ഡ്ബ്ലൂ ജങ്, എം.എച്ച് കിം, കെ. കൗൺ, വൈ. കിം, ജെ. കിം, എസ്.കിം