ചരിത്രത്തിലാദ്യം; അപൂർവനേട്ടവുമായി പാണ്ഡ്യ സഹോദരങ്ങൾ
|പരിക്കിനെ തുടർന്ന് ലഖ്‌നൗ നായകൻ കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതോടെയാണ് ക്രുണാൽ പാണ്ഡ്യയെ തേടി പുതിയ ദൗത്യം എത്തിയത്.
അഹ്‌മദാബാദ്: അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടാനിറങ്ങിയപ്പോൾ പിറന്നത് ചരിത്രം. ഇന്ത്യൻ ക്രിക്കറ്റിലെ സഹോദരങ്ങളായ ഹർദിഖ് പാണ്ഡ്യയുടേയും ക്രുണാൽ പാണ്ഡ്യയുടേയും നായകത്വത്തിന് കീഴിലാണ് ഇന്ന് ടീമുകൾ കളത്തില്‍ ഇറങ്ങിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് സഹോദരങ്ങൾ നയിക്കുന്ന ടീമുകൾ ഏറ്റുമുട്ടുന്നത്. പരിക്കിനെ തുടർന്ന് ലഖ്‌നൗ നായകൻ കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതോടെയാണ് ക്രുണാൽ പാണ്ഡ്യയെ തേടി പുതിയ ദൗത്യം എത്തിയത്. കെ.എൽ രാഹുലിന് ഐ.പി.എല്ലിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാവും.
ഗില്‍-സാഹ വെടിക്കെട്ട്; ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍
ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോൾ ലഖ്‌നൗ സൂപ്പർജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ 43 പന്തിൽ നാല് സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 81 റൺസെടുത്തപ്പോൾ ഗിൽ 51 പന്തിൽ ഏഴ് സിക്‌സിന്‍റേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 94 റൺസെടുത്ത് പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ലഖ്‌നൗ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനായി ഓപ്പണർമാരായിറങ്ങിയ ഗില്ലും സാഹയും ഇന്നിങ്‌സിന്റെ തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13ാം ഓവറിൽ വൃദ്ധിമാൻ സാഹയെ ആവേശ് ഖാൻ മങ്കാദിന്റെ കയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 15ാം ഓവറിൽ മൊഹ്‌സിൻ ഖാന് മുന്നിൽ വീണു. പിന്നീടെത്തിയ ഡേവിഡ് മില്ലറുമായി ചേർന്ന് ഗിൽ ഗുജറാത്ത് സ്‌കോർ 200 കടത്തി.