ചരിത്രത്തില്‍ ആദ്യം... പാകിസ്താന്‍ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാമത്
|ഐ.സി.സിയുടെ ഔദ്യോഗിക ഏകദിന റാങ്കിങ് നിലവില്‍ വന്ന ശേഷം പാകിസ്താന്‍ ആദ്യമായാണ് ഒന്നാമതെത്തുന്നത്.
ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ചരിത്രത്തിലാദ്യമായി പാകിസ്താന്‍ ഒന്നാം സ്ഥാനത്ത്. നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 102 റണ്‍സിന് തകര്‍ത്തതോടെയാണ് ബാബറും സഘവും ചരിത്രനേട്ടത്തിലെത്തിയത്. നായകന്‍ ബാബര്‍ അസമിന്‍റെ സെഞ്ച്വറി മികവിലാണ് പാകിസ്താന്‍ മികച്ച ടോട്ടല്‍ ഉയര്‍ത്തുന്നതും ജയം സ്വന്തമാക്കുന്നതും.
അസമിന്‍റെ ഏകദിന കരിയറിലെ 18- ാം സെഞ്ച്വറി നേട്ടം കൂടിയാണ് ന്യൂസിലന്‍ഡിനെതിരെ നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ 4-0 ത്തിന് പാകിസ്താന്‍ മുന്‍പിലാണ്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരക്ക് മുന്‍പ് 106 റേറ്റിങ് പോയിന്‍റോടെ അഞ്ചാം സ്ഥാനത്തായിരുന്നു പാകിസ്താന്‍. പരമ്പര തൂത്തുവാരിയതോടെയാണ് റേറ്റിങ് പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തിയത്. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന പാക് നിര ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചു. മൂന്നാം മത്സരത്തില്‍ 26 റണ്‍സിന് ജയിച്ചതോടെ ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. അപ്പോള്‍ റാങ്ക് പട്ടികയില്‍ ഓസ്ട്രേലിയയും ഇന്ത്യയുമായിരുന്ന യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.
നാലാം മത്സരത്തില്‍ 102 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെ ഓസ്ട്രേലിയയെയും ഇന്ത്യയേയും മറികടന്ന് പാക്സിതാന്‍ ഒന്നാം റാങ്കിലെത്തുകയായിരുന്നു.
ഐ.സി.സിയുടെ ഔദ്യോഗിക ഏകദിന റാങ്കിങ് നിലവില്‍ വന്ന ശേഷം പാകിസ്താന്‍ ആദ്യമായാണ് ഒന്നാമതെത്തുന്നത്. 2005ലാണ് ഐ.സി.സി ഏകദിന റാങ്കിങ് കൊണ്ടുവരുന്നത്. പാകിസ്താന്‍റെ ഏകദിനത്തിലുള്ള ഇതിനുമുമ്പുള്ള മികച്ച നേട്ടം മൂന്നാം സ്ഥാനമാണ്.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്‍റെ ക്രെഡിറ്റ് മുഴുവൻ ടീമിനും സപ്പോർട്ട് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്ന് നായകന്‍ ബാബര്‍ അസം പ്രതികരിച്ചു.
ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ബാബര്‍ അസം കഴിഞ്ഞ ദിവസം മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടമാണ് അസം ഇന്നലെ സ്വന്തമാക്കി. 101 ഇന്നിങ്സില്‍ 5000 റണ്‍സിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹാഷിം അംലയുടെ റെക്കോര്‍ഡാണ് 96 ഇന്നിങ്സുകള്‍ മാത്രം കളിച്ച് അസം തിരുത്തിയത്.