''എംബാപ്പേ... അരീക്കോട്ട്ന്നാണ്... ഇങ്ങട്ട് നോക്കേ...''; യൂറോ മത്സരത്തിനിടയിൽ ആർത്തുവിളിച്ച് മലപ്പുറത്തുകാരൻ
|കഴിഞ്ഞ ദിവസം ഹംഗറിയിലെ ഫെറെൻസ് പുസ്‌കാസ് സ്റ്റേഡിയത്തിൽ ഫ്രാൻസും പോർച്ചുഗലും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയായിരുന്നു തനി നാടൻ ഭാഷയിൽ മലപ്പുറത്തുകാരന്റെ ആർപ്പുവിളി
''എംബാപ്പേ... അരീക്കോട്ട്ന്നാണ്... മലപ്പുറം അരീക്കോട്ട്ന്നാണ്.. ഇങ്ങട്ട് നോക്കേ...''
മലപ്പുറത്തെ ഏതെങ്കിലും കളിമൈതാനത്തുനിന്ന് ഉയർന്ന ആർപ്പോ ആരവമോ അല്ലിത്. കഴിഞ്ഞ ദിവസം ഫ്രാൻസും പോർച്ചുഗലും തമ്മിൽ നടന്ന യൂറോകപ്പ് പോരാട്ടത്തിനിടെയാണ് ഗാലറിയിൽനിന്ന് മലപ്പുറത്തുനിന്നുള്ള ഫുട്ബോള്‍ ആരാധകന്‍റെ ആർപ്പുവിളിയുയർന്നത്.
ലോകത്തിന്റെ ഏതു കോണിലുമൊരു മലയാളിയുണ്ടാകുമെന്നു പറയാറുണ്ട്. എന്നാൽ, കാൽപന്തുകളി നടക്കുന്ന ലോകത്തിന്റെ ഏതു കോണിലും ഒരു മലപ്പുറത്തുകാരനുണ്ടാകുമോ? അങ്ങനെ വിശ്വസിക്കാൻ വകതരുന്നതാണ് കഴിഞ്ഞ ദിവസം ഹംഗറിയിലെ ഫെറെൻസ് പുസ്‌കാസ് സ്റ്റേഡിയത്തിൽ ഫ്രാൻസും പോർച്ചുഗലും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയുള്ള മലപ്പുറം സ്വദേശിയുടെ ആർപ്പുവിളി.
ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പെയ്ക്കു വേണ്ടിയാണ് ആരാധകൻ ചങ്കുപൊട്ടി വിളിക്കുന്നത്. താരത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം. എംബാപ്പെയുടെ പേരുവിളിച്ചും ഒരുപടികൂടി കടന്ന് മലപ്പുറത്തിന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയും നീട്ടിവിളിക്കുന്നു. അതും തനി മലപ്പുറം ഭാഷയിൽ. ഫുട്‌ബോൾ ജീവരക്തത്തിലുള്ള ഒരു നാടിനെക്കുറിച്ച് അറിയാത്ത താരങ്ങളുണ്ടാകില്ലെന്ന ഒടുക്കത്തെ ആത്മവിശ്വാസത്തിലായിരിക്കുമോ അത്! ഏതായാലും മലപ്പുറത്തിന്റെ പേരു കേട്ടതുകൊണ്ടാണോ എന്നറിയില്ല, വിളികേട്ട് ഒരു നിമിഷം എംബാപ്പെ തിരിഞ്ഞുനോക്കുന്നുമുണ്ട്!
വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ, ആരാണ് എംബാപ്പെയുടെ ആ മലപ്പുറം ആരാധകനെന്ന കാര്യം വ്യക്തമല്ല. വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചയാളെക്കുറിച്ചും വിവരമില്ല. വിഡിയോദൃശ്യത്തിന്‍റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും രാജ്യാന്തര ഫുട്ബോള്‍ മൈതാനങ്ങളില്‍നിന്നുള്ള മലപ്പുറക്കാരുടെയും മലയാളിയുടെയും വിഡിയോകള്‍ വൈറലാകുന്നത് ഇതാദ്യമായല്ല.
ഫ്രാൻസിനെതിരായ ഇന്നലത്തെ മത്സരം പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു. വാശിയേറിയ മത്സരത്തിൽ ഫ്രാൻസിനെ രണ്ട് ഗോളിന് സമനിലയിൽ കുരുക്കിയാണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് കടന്നുകയറിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിനു വേണ്ടി രണ്ടു ഗോളുകളും നേടിയത്. ഫ്രാൻസിനു വേണ്ടി കരീം ബെൻസേമയും ഇരട്ട ഗോൾ നേടി.