2026 ഫിഫ ലോകകപ്പ് വേദിയൊരുങ്ങി; ഫൈനൽ ജൂലൈ 19ന് ന്യൂയോർക്ക് ന്യൂ ജേഴ്സിയിൽ
|16 വേദികളിലായി 104 മത്സരങ്ങളാണുണ്ടാകുക. 32 ടീമുകൾ പങ്കെടുക്കുന്ന നിലവിലെ രീതി മാറുന്നുവെന്ന പ്രത്യേകതയും 2026 ലോകകപ്പിനുണ്ട്.
സൂറിച്ച്: 2026ലെ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങളുടെ മത്സരക്രമം ഫിഫ പുറത്തുവിട്ടു. ഉദ്ഘാടന മത്സരം മെക്‌സിക്കോയിലും ഫൈനൽ യു.എസ്എയിലുമാണ് നടക്കുക. ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ വിഖ്യാത സ്റ്റേഡിയമായ എസ്റ്റാഡിയോ അസ്റ്റെക്കയിലാണ് വിശ്വ കായിക മാമാങ്കത്തിന് ആദ്യ വിസിൽ ഉയരുക. ജൂലൈ 19ന് ന്യൂയോർക്കിലെ ന്യൂ ജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. യുഎസ്എ, മെക്‌സിക്കോ, കാനഡ സംയുക്തമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിർണായിക്കാനുള്ള പോരിനു വേദിയാകുക. സെമി പോരാട്ടങ്ങൾ ഡാലസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലായി നടക്കും.
16 വേദികളിലായി 104 മത്സരങ്ങളാണുണ്ടാകുക. 32 ടീമുകൾ പങ്കെടുക്കുന്ന നിലവിലെ രീതി മാറുന്നുവെന്ന പ്രത്യേകതയും 2026 ലോകകപ്പിനുണ്ട്. 48 ടീമുകളാണ് മാറ്റുരക്കുക. മെക്സിക്കോ ഇതു മൂന്നാം തവണയാണ് ലോകകപ്പ് ആതിഥേയരാകുന്നത്. 1970, 86 വർഷങ്ങളിലാണ് നേരത്തെ ആതിഥേയത്വം വഹിച്ചത്. കാനഡ ആദ്യമായാണ് ലോകകപ്പ് വേദിയാകുന്നത്. ജൂൺ 12ന് ടൊറന്റോയിലാണ് കാനഡയിലെ ആദ്യ മത്സരം.
1994ലെ ലോകകപ്പിനു ശേഷമാണ് അമേരിക്കിയിലേക്ക് ലോകകപ്പ് വിരുന്നെത്തുന്നത്. ലോസ് ആഞ്ചലസ്, കൻസാസ് സിറ്റി, മയാമി, ബോസ്‌റ്റേൺ എന്നിവിടങ്ങളിലാണ് ക്വാർട്ടർ പോരാട്ടം. 1994ലെ അമേരിക്കൻ ലോകകപ്പിന്റെ ഫൈനൽ മത്സരം നടന്നത് റോസ്ബൗളിലായിരുന്നു. ഈ സ്‌റ്റേഡിയം നവീകരിച്ചാണ് 2010ൽ മെറ്റ് ലൈഫ് സ്റ്റേഡിയം പണിതത്.