4-0; റയൽ ബെറ്റിസിനെതിരെ ബാഴ്സലോണയ്ക്ക് കൂറ്റൻ ജയം
|ബാഴ്സയ്ക്കായി 15 കാരനായ ലാമിൻ യാമൽ മത്സരത്തിൽ അരങ്ങേറി. ബാഴ്സക്കായി അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് അരങ്ങേറ്റം
ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് കൂറ്റൻ വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ടീം റയൽ ബെറ്റിസിനെ തോൽപ്പിച്ചത്. ആൻഡ്രിയസ് ക്രിസ്റ്റ്യൻസെൻ (14), റോബർട്ട് ലെവൻഡോവ്സ്കി(36), റഫിഞ്ഞ(39), എന്നിവരാണ് ബാഴ്സക്കായി ലക്ഷ്യം കണ്ടത്. ഗുഡിയോ റോഡ്രിഗ്വസ്(82) ഓൺഗോളും ടീമിന്റെ സ്കോറുയർത്തി.
കളിയുടെ 33ാം മിനുട്ടിൽ എഡ്ഗർ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട പുറത്തായതോടെ പത്തുപേരുമായാണ് റയൽ ബെറ്റിസ് കളിച്ചത്. 68 ശതമാനം സമയം പന്ത് കൈവശം വെച്ച് കളി നിയന്ത്രിച്ചത് ബാഴ്സയായിരുന്നു. 10 കോർണറുകളാണ് ടീം നേടിയത്.
അതേസമയം, ബാഴ്സയ്ക്കായി 15 കാരനായ ലാമിൻ യാമൽ മത്സരത്തിൽ അരങ്ങേറി. ബാഴ്സക്കായി അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് അരങ്ങേറ്റം. 2007 ജൂലൈ 13നാണ് യാമൽ ജനിച്ചത്. അതേസമയം, റയൽ ബെറ്റിസിന്റെ 41കാരനായ താരം ജോക്വിമാണ് ലാ ലിഗയുടെ ഈ സീസണിലെ ഏറ്റവും പ്രായംകൂടിയ താരം.
സീസണിലെ പോയിൻറ് പട്ടികയിൽ ബാഴ്സലോണയാണ് ഒന്നാമതുള്ളത്. 79 പോയിൻറാണ് സാവിയുടെ സംഘത്തിനുള്ളത്. 68 പോയിൻറുമായി റിയൽ മാഡ്രിഡാണ് രണ്ടാമത്. 63 പോയിൻറുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാമതും 58 പോയിൻറുള്ള റിയൽ സോഷ്യഡാഡ് നാലാമതുമാണുള്ളത്. വില്ല റയൽ (50) അഞ്ചാമതും റയൽ ബെറ്റ്സ് (49) ആറാമതുമാണ്.
അതിനിടെ, ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അൽമേരിയയെ 4-2ന് തോൽപ്പിച്ചു. കരീം ബെൻസേമ ഹാട്രിക് ഗോളുകൾ നേടി. അഞ്ച്, 17, 42 (പെനാൽറ്റി) എന്നീ മിനിട്ടുകളിലാണ് താരം ഗോൾവല കുലുക്കിയത്. 47ാം മിനിട്ടിൽ റോഡ്രിഗോയും ഗോൾ നേടി.
A huge win for Barcelona against Real Betis 4-0 In La Liga