Football
ac milan
Football

‘ഈ ജഴ്സി ക്രിക്കറ്റിന് സമർപ്പിക്കുന്നു’; പോയകാലം ഓർത്തെടുത്ത് എ.സി മിലാൻ

Sports Desk
|
6 Aug 2024 11:11 AM GMT

ന്യൂയോർക്ക്: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയോ ലിവർപൂളിന്റെയോ താരങ്ങൾ ക്രിക്കറ്റ് ബാറ്റ് പിടിച്ചിരുന്നാൽ വലിയ അത്ഭുതമൊന്നുമില്ല. കാരണം ഇംഗ്ലീഷുകാർക്ക് ക്രിക്കറ്റ് പരിചയമുള്ള കളിയാണ്. പക്ഷേ ക്രിക്കറ്റിന് ​യാതൊരു വേരോട്ടവുമില്ലാത്ത ഇറ്റലിയിലെ എ.സി മിലാൻ താരങ്ങൾ ​ബാറ്റും പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ പലരും ഞെട്ടി. മാത്രമല്ല, അടുത്ത സീസണിൽ എ.സി മിലാൻ ക്രിക്കറ്റിൽ നിന്നും ​പ്രചോദനം ഉൾകൊണ്ട് നിർമിച്ച ജഴ്സിയണിഞ്ഞാകും എവേ മത്സരങ്ങളിൽ പന്തുതട്ടുക.

പ്യൂമ ഡിസൈൻ ചെയ്ത എ.സി മിലാന്റെ പുത്തൻ എവേ ജഴ്സി ന്യൂയോർക്കിൽ വെച്ചാണ് പുറത്തിറക്കിയത്. ക്രിസ്ത്യൻ പുലിസിച്ച്, ഫികായോ ​തൊമോരി അടക്കമുള്ള പ്രമുഖ താരങ്ങൾ ജഴ്സിയണിഞ്ഞുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടകം ഇറ്റലിയാണെങ്കിലും എ.സിമിലാനും ക്രിക്കറ്റും തമ്മിൽ ഒരു വലിയ ബന്ധമുണ്ട്.

അതിന് പിന്നിലൊരു കഥയുമുണ്ട്. ഇംഗ്ലീഷുകാരനായ ഹെർബെർട്ട് കിൽപ്പിൻ 1890കളിൽ ടെക്സ്റ്റൈൽ പണിക്കായി ഇറ്റലി​യിലെത്തുന്നു. ഇറ്റലിയിലെ ആദ്യ ഫുട്ബോൾ ക്ലബായ ഇന്റർനാസനാലെ ടൊറീനോയുടെ ഉടമയായ എഡ്വോർഡോ ബോസിയോക്കൊപ്പമാണ് ഇദ്ദേഹം പണിയെടുത്തിരുന്നത്. അങ്ങനെ കിൽപ്പിൻ കുറച്ചുകാലം ക്ലബിനായി കളിക്കുകയും ചെയ്തു.

റ്റാലിയൻ ലീഗിൽ കളിക്കുന്ന ആദ്യ ഇംഗ്ലീഷുകാരനായി ​കിൽപ്പിനെ കാണുന്നവരുമുണ്ട്. അങ്ങനെ ഫുട്ബോൾ കളിച്ചുന​ടക്കുന്ന കാലത്ത് ഒരു രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുമ്പോൾ കിൽപ്പിന് സ്വന്തം നാടിനെക്കുറിച്ചും അവിടെ കളിച്ചിരുന്ന ക്രിക്കറ്റിനെക്കുറിച്ചും വല്ലാത്ത നൊസ്റ്റാൾജിയ വന്നു. അന്നുതന്നെ അവർ മിലാൻ ക്രിക്കറ്റ്&ഫുട്ബോൾ ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചു. ഈ ക്ലബാണ് ഇന്നും വലിയ ആരാധകരുള്ള എ.സി മിലാന്റെ ആദ്യ രൂപം. അധിക വൈകാതെ ക്രിക്കറ്റ് നിർത്തലാക്കിയെങ്കിലും മിലാൻ തങ്ങളുടെ ഹെറിറ്റേജിപ്പോഴും സൂക്ഷിക്കുന്നു എന്നാണ് പുതിയ ജേഴ്സിയും തെളിയിക്കുന്നത്.

Related Tags :
Similar Posts