'അന്ന് ഭാര്യയും വീട്ടിലുണ്ടായിരുന്നു, ഇത് അവൻ അർഹിക്കുന്നില്ല'; അഷ്റഫ് ഹക്കീമിയെ പിന്തുണച്ച് മാതാവ്
|ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിനായി ജർമനിയിലേക്ക് തിരിച്ച പി.എസ്.ജി സംഘത്തിൽ ഹക്കീമിയുമുണ്ട്
റബാത്ത്: ലൈംഗിക പീഡനക്കേസിൽ പി.എസ്.ജിയടെ മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയെ പിന്തുണച്ച് മാതാവ്. മകൻ നിരപരാധിയാണെന്നും കേസ് വ്യാജമാണെന്നും ഹക്കീമിയുടെ മാതാവ് സൈദ മോഹ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് മകനോട് ചോദിച്ചറിഞ്ഞിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
ലണ്ടൻ ആസ്ഥാനമായുള്ള 'അൽഅറബി അൽജദീദി'നോടാണ് സൈദയുടെ പ്രതികരണം. 'മകൻ നിരപരാധിയാണെന്ന് എന്റെ മനസ് പറയുന്നു. നല്ല നിലയിലാണ് അവനെ വളർത്തിയത്. അവന്റെ ഉന്നതമായ ധാർമികത ലോകം മുഴുവൻ കാണുന്നതാണ്. ഇത്തരമൊരു സംഭവം അവൻ അർഹിക്കുന്നില്ല.'-അവർ പറഞ്ഞു.
ആരോപണം വന്നതിനുശേഷം ഹക്കീമിയുമായി സംസാരിച്ചിരുന്നുവെന്നും സൈദ വെളിപ്പെടുത്തി. താൻ നിരപരാധിയാണെന്ന് അവൻ എന്നോട് സത്യം ചെയ്തിട്ടുണ്ട്. അന്നു രാത്രി ഫ്രാൻസിലെ അവരുടെ വീട്ടിൽ ഭാര്യയുമുണ്ടായിരുന്നു. പിന്നീട് എങ്ങനെ ഇതു സംഭവിക്കും? അവിടെയെല്ലാം നിരവധി സുരക്ഷാ ജീവനക്കാരും നിരീക്ഷണ കാമറകളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, താരത്തിനെതിരെ പി.എസ്.ജി നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ചാംപ്യൻസ് ലീഗ് രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ജർമനിയിൽ നടക്കുന്ന മത്സരത്തിനു വേണ്ടി തിരിച്ച പി.എസ്.ജി സംഘത്തിൽ ഹക്കീമിയുമുണ്ടെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു. കേസന്വേഷണം പുരോഗമിക്കുമ്പോഴും താരം ഫ്രാൻസ് വിടുന്നത് പൊലീസ് വിലക്കിയിട്ടില്ല.
തിങ്കളാഴ്ച നടന്ന ടീമിൻരെ ട്രെയിനിങ് സെഷനിൽ ഹക്കീമിയും പങ്കെടുത്തിരുന്നു. നേരത്തെ പേശീവലിവിനെ തുടർന്ന് രണ്ടു മത്സരങ്ങളിൽ താരം ഇറങ്ങിയിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരി 26നാണ് 24കാരിയായ ഫ്രഞ്ച് യുവതി അഷ്റഫ് ഹക്കീമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. പൊലീസിൽ മൊഴി നൽകിയെങ്കിലും പരാതി നൽകാൻ യുവതി കൂട്ടാക്കിയിരുന്നില്ല. സംഭവത്തിൽ താരത്തെ പൊലീസ് ചോദ്യംചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Summary: "He is innocent, does not deserve what happened to him"; PSG starr Achraf Hakimi's mother Saida Mouh responds to rape charges