ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിച്ചേക്കില്ല
|ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഹൈദരാബാദ് എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചേക്കില്ല. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗോവയിൽ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സീസണിൽ ഉടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി. ശരിക്കും അവരോടൊണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളായ ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും.ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലിൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.' വുകോമാനോവിച് വ്യക്തമാക്കി.
അതേസമയം, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്ത പുറത്തുവരുന്നു. നാളെ ഫറ്റോർഡയിൽ നടക്കുന്ന ഐ.എസ്.എൽ കലാശപ്പോരിൽ സൂപ്പർതാരം സഹൽ അബ്ദുസ്സമദ് കളിച്ചേക്കും. മെഡിക്കൽ സ്റ്റാഫിനൊപ്പം താരം ഇന്ന് പരിശീലനത്തിനിറങ്ങി. സഹലിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ ഇവാൻ വുകുമനോവിച്ച് വ്യക്തമാക്കി.
പരിശീലനത്തിനിടെ പരിക്കേറ്റ് ജംഷഡ്പൂരിനെതിരായ രണ്ടാംപാദ സെമിയിൽ സഹൽ കളിച്ചിരുന്നില്ല. പരിക്ക് തുടരുന്നതിനാൽ താരത്തിന് ഫൈനലും നഷ്ടമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം താരം പരിശീലനത്തിന് ഇറങ്ങാതിരുന്നതും ആരാധകർക്ക് നിരാശ പകർന്നു. എന്നാൽ, ഇന്നത്തെ പരിശീലന സെഷൻ കഴിഞ്ഞതിനുശേഷമേ സഹലിന് ഫൈനൽ കളിക്കാനാകുമോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നാണ് ഇന്ന് രാവിലെ വുകുമാനോവിച്ച് മീഡിയവണിനോട് പറഞ്ഞിരുന്നത്. ദേശീയ ടീമിനും ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും താരത്തിന്റെ പരിക്ക് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14ന് രണ്ടാംപാദ സെമിക്കു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സഹലിന് പിൻതുട ഞരമ്പിൽ പരിക്കേറ്റത്. പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് സെമിയിൽ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. സഹലിന്റെ അഭാവത്തിൽ ജംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാംപാദ സെമിയിൽ നിഷുകുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നിരയിൽ ഇറങ്ങിയത്. ഫൈനലിലും ഇതുതന്നെ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിഷുവിന് നറുക്ക് വീണില്ലെങ്കിൽ മലയാളി താരമായ രാഹുൽ സഹലിന്റെ സ്ഥാനത്ത് കളിച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച സഹൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ആറ് ഗോളാണ് നേടിയത്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സഹലും ലൂണയും അടങ്ങുന്ന മധ്യനിരയായിരുന്നു ഈ സീസണിൽ ടീമിന്റെ കരുത്ത്.