അഡ്രിയാൻ ലൂണയ്ക്ക് സീസൺ നഷ്ടമാകും; പകരം താരത്തിനായി തലപുകഞ്ഞ് ബ്ലാസ്റ്റേഴ്സ്
|ഗോളടിച്ചും അടിപ്പിച്ചും കളംനിറയുന്ന താരത്തിന്റെ മടക്കം ടീമിന് വലിയ തിരിച്ചടിയാണ്.
കൊച്ചി: പരിശീലനത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ഐ.എസ്.എൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കാലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരമിപ്പോൾ വിശ്രമത്തിലാണ്. ആരോഗ്യവാനായി വൈകാതെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷക്കിടെയാണ് ആരാധകരെ നിരാശരാക്കി സീസൺ നഷ്ടമാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ലൂണോയുടെ ചിറകിലേറി മലയാളി ക്ലബ് വലിയ മുന്നേറ്റമാണ് ഈ സീസണിൽ നടത്തിയത്. ഗോളടിച്ചും അടിപ്പിച്ചും കളം നിറയുന്ന താരത്തിന്റെ മടക്കം ടീമിന് വലിയ തിരിച്ചടിയാണ്. പത്ത് കളിയിൽ നിന്ന് ആറു വിജയവുമായി 20 പോയന്റോടെ ബ്ലാസ്റ്റേഴ്സ് നിലവിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. എട്ട് കളിയിൽ നിന്ന് 20 പോയന്റുള്ള എഫ്.സി ഗോവയാണ് ഒന്നാമത്. മോഹൻ ബഗാൻ മൂന്നാമതും മുംബൈ സിറ്റി എഫ്.സി നാലാമതുമാണ്. ഞായറാഴ്ച മുംബൈയുമായാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.
മിഡ്ഫീൽഡിൽ കളി മെനയുന്ന ലൂണ പുറത്തായതോടെ തുടർ മത്സരങ്ങളിൽ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റംവരുത്താൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതമാകും. സീസണിൽ ഇതുവരെ ഒൻപത് കളിയിൽ ഇറങ്ങിയ ഉറഗ്വയൻ താരം മൂന്ന് ഗോളുകളും നേടിയിരുന്നു. താരത്തിന് പകരക്കാരനെ കണ്ടെത്താനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉറുഗ്വയുടെ തന്നെ അറ്റാക്കിങ് മിഡ്ഫീൽഡർ നിക്കോളാസ് ലൊഡീറോയെ എത്തിക്കാനുള്ള നീക്കം നേരത്തെ നടത്തിയെങ്കിലും വിഫലമായി. താരത്തിന്റെ ഏജന്റ് കൊച്ചിയിലേക്കില്ലെന്ന കാര്യം വ്യക്തമാക്കിയിരുന്നു.