Football
അഡ്രിയാൻ ലൂണയ്ക്ക് പകരം നോട്ടമിട്ട വിദേശ താരം വരില്ല; ട്രാൻസ്ഫർ സാധ്യത തള്ളിക്കളഞ്ഞ് ഏജന്റ്‌
Football

അഡ്രിയാൻ ലൂണയ്ക്ക് പകരം നോട്ടമിട്ട വിദേശ താരം വരില്ല; ട്രാൻസ്ഫർ സാധ്യത തള്ളിക്കളഞ്ഞ് ഏജന്റ്‌

Web Desk
|
18 Dec 2023 3:49 PM GMT

ഗോളടിച്ചും അടിപ്പിച്ചും ലൂണ മഞ്ഞപ്പടയുടെ വിജയങ്ങളില്‍ നിർണായക പങ്കുവഹിക്കുന്നതിനിടെയാണ് പരുക്ക് തിരിച്ചടിയായത്

കൊച്ചി: ഐ.എസ്.എല്ലില്‍ തിരിച്ചടികള്‍ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന കേരള ബ്സാസ്റ്റേഴ്സിന് മറ്റൊരു പ്രഹരം കൂടി. പരിക്കേറ്റ് പുറത്തായ പ്ലേ മേക്കർ അഡ്രിയാൻ ലൂണയ്ക്ക് പകരമായി കൊച്ചി ക്ലബ് കണ്ടുവെച്ച താരം ടീമിലെത്തില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ലൂണയുടെ തന്നെ നാട്ടുകാരനായ ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ലൊഡീറോയെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൊച്ചിയിലെത്തിക്കാന്‍ നോക്കിയിരുന്നത്. താരത്തിന്റെ ഏജന്റ് തന്നെയാണ് കൊച്ചിയിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങള്‍ കൂടി ലൊഡീറോയുടെ പിന്നാലെയുണ്ടായിരുന്നു. എല്ലാം ഏജന്റ് തള്ളി.

തൽക്കാലം പുതിയൊരു വിദേശ രാജ്യത്ത് കളിക്കുന്നതിനെക്കുറിച്ച് ലൊഡീറോ ആലോചിക്കുന്നില്ല എന്നാണ് ഏജന്റിന്റെ വെളിപ്പെടുത്തൽ. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ സിയാറ്റിൽ സൗണ്ടേഴ്‌സിന്റെ കളിക്കാരനാണ് ഈ 34 കാരന്‍. 2016 മുതൽ മേജർ ലീഗ് സോക്കർ ക്ലബ്ബിനായാണ് താരം പന്ത് തട്ടുന്നത്. 12 കോടിയാണ് താരത്തിന്റെ മാർക്കറ്റ് മൂല്യം.

2015 - 2016 സീസണിൽ അർജന്റീനന്‍ സൂപ്പർ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി കളത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ഈ മധ്യനിര താരം അമേരിക്കയിലേക്ക് ചേക്കേറിയത്. 2023 ഡിസംബർ 31 വരെ മാത്രമാണ് ലൊഡീറോക്ക്, സിയാറ്റിൽ സൗണ്ടേഴ്‌സുമായി കരാറുള്ളത്. ഇത് മനസിലാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ രംഗത്ത് എത്തിയത്.

2023 - 2024 സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയിൽ നിന്ന് ലൂണ മാത്രമല്ല പരിക്കേറ്റ് പുറത്തായത്. ഐബാൻബ ഡോഹ്ലിങ്, ജീക്‌സൺ സിംഗ്, ഫ്രെഡ്ഡി ലാലമ്മാവ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. ഓസ്‌ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊ പ്രീ സീസൺ പരിശീലനത്തിനിടെ പരിക്കേറ്റ് സ്വദേശത്തേക്ക് തന്നെ മടങ്ങി.

കാൽമുട്ടിന് പരിക്കേറ്റ അഡ്രിയാൻ ലൂണ ശസ്ത്രക്രിയയ്ക്കു വിധേയമായി വിശ്രമത്തിലാണ്. ഏത്രയും വേഗം ലൂണ സുഖം പ്രാപിക്കട്ടെ എന്നാണ് പത്രക്കുറിപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ലൂണ ആരംഭിച്ചതായും ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മെഡിക്കൽ സ്റ്റാഫ് അഡ്രിയാൻ ലൂണയെ സൂക്ഷ്മമായി നിരീക്ഷിന്നുണ്ട്.

ഗോളടിച്ചും അടിപ്പിച്ചും ലൂണ മഞ്ഞപ്പടയുടെ വിജയങ്ങളില്‍ നിർണായക പങ്കുവഹിക്കുന്നതിനിടെയാണ് പരുക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. മൂന്ന് ഗോളും നാല് അസിസ്റ്റുമാണ് ലൂണയുടെ പേരില്‍ സീസണിലുള്ളത്.

Similar Posts