ഇറാനിൽ കളിക്കാനാകില്ല; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2ൽ നിന്നും മോഹൻ ബഗാൻ പിന്മാറുന്നു
|കൊൽക്കത്ത: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2വിൽ നിന്നും മോഹൻ ബഗാൻ പിന്മാറുന്നു. ഇറാൻ ക്ലബായ ട്രാക്റ്റർ എഫ്.സിയുമായി അവരുടെ ഗ്രൗണ്ടിൽ കളിക്കാനാകില്ലെന്ന് സുരക്ഷ പ്രശ്നങ്ങൾ ഉന്നയിച്ച് മോഹൻ ബഗാൻ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇറാൻ സന്ദർശിക്കുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് മോഹൻ ബഗാൻ വിലയിരുത്തുന്നത്.
ഒക്ടോബർ 2ന് ഇറാനിലെ തബ്രീസിൽ വെച്ച് ട്രാക്റ്റർ എഫ്.സിയുമായി നടക്കാനിരുന്ന മത്സരത്തിൽ നിന്നും മോഹൻ ബഗാൻ പിന്മാറിയിരുന്നു. ‘‘എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2024-2025 വകുപ്പ് 5.2 പ്രകാരം മോഹൻബഗാൻ ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന് ഉറപ്പായിട്ടുണ്ട്. ഒക്ടോബർ 2ന് നിശ്ചയിച്ചിരുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന ക്ലബ് തീരുമാനത്തെ തുടർന്നാണിത്’’ - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗ്രൂപ്പ് എയിൽ ഇടംപിടിച്ച മോഹൻ ബഗാൻ ആദ്യ മത്സരത്തിൽ താജികിസ്താൻ ക്ലബായ എഫ്.സി റവ്ഷാനിനോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ക്ലബിലെ ഏഴ് വിദേശ താരങ്ങളടക്കമുള്ള 35 താരങ്ങളും ഇറാൻ സന്ദർശിക്കുന്നതിലുള്ള ആശങ്ക അറിയിച്ചതായി മോഹൻ ബഗാൻ വൃത്തങ്ങൾ പ്രതികരിച്ചു.