ആരാകും ആഫ്രിക്കൻ രാജാക്കൻമാർ; ആഫ്‌കോണിൽ ഐവറികോസ്റ്റ്-നൈജീരിയ ആവേശ ഫൈനൽ
|മൂന്നാം കിരീടം തേടി ഐവറികോസ്റ്റ് ഇറങ്ങുമ്പോൾ നാലാമതും വൻകരയുടെ ചാമ്പ്യൻപട്ടമാണ് നൈജീരിയ ലക്ഷ്യമിടുന്നത്
അബിദ്ജാൻ(ഐവറികോസ്റ്റ്): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഇന്ന് ആതിഥേയരായ ഐവറികോസ്റ്റ് നൈജീരിയയെ നേരിടും. പുലർച്ചെ 1.30 നാണ് കലാശ പോരാട്ടം. മൂന്നാം കിരീടം തേടിയാണ് ഗജവീരൻമാർ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.
ആഫ്‌കോണിൽ മങ്ങിയ തുടക്കമായിരുന്നു ഐവറികോസ്റ്റിന്റേത്. ആദ്യ മത്സരത്തിൽ ഗാംബിയക്കെതിരെ വിജയിച്ചെങ്കിലും നൈജീരിയയോട് ഒരു ഗോളിന് പരാജയപ്പെട്ടു. അവസാന മാച്ചിലും ഇക്വിട്ടോറിയൽ ഗിനിയയോട് എതിരില്ലാത്ത നാലുഗോളിനും തോറ്റതോടെ നോക്കോട്ട് തന്നെ തുലാസിലായി. ഇതിനിടെ പരിശീലകനെ പുറത്താക്കിയും ടീം വാർത്തകളിൽ ഇടം പിടിച്ചു. മികച്ച മൂന്നാം സ്ഥാനക്കാരായി ഭാഗ്യത്തിന്റെ ആനുകൂല്യത്തിലായിരുന്നു റൗണ്ട് ഓഫ് 16 ലെത്തിയത്.
എന്നാൽ അവിടെ മുതൽ കഥമാറുന്നതാണ് വൻകരാപോരാട്ടത്തിൽ കണ്ടത്. നിലവിലെ ചാമ്പ്യൻമാരായ സെനഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ക്വാർട്ടർ ഫൈനലിലേക്കും മാലിയെ 2-1 തോൽപിച്ച് സെമിയിലേക്കും പ്രവേശനം. ആഫ്‌കോണിലെ അട്ടിമറി സംഘമായ കോംഗോയെ തോൽപിച്ചാണ് കലാശപോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്.
മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ രണ്ട് ജയവും ഒരുസമനിലയുമായാണ് നൈജീരിയയുടെ മുന്നേറ്റം.റൗണ്ട് ഓഫ് 16നിൽ കാമറൂണിനെ 2-0 തോൽപിച്ച് ക്വാർട്ടറിലേക്ക് യോഗ്യതനേടി. എതിരില്ലാത്ത ഒരുഗോളിന് അംഗോളയെ മറികടന്നാണ് സെമി പ്രവേശനം. ആവേശപോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സൗത്താഫ്രിക്കയെ കീഴടക്കിനാലാം കിരീടം ലക്ഷ്യമിട്ട് ഫൈനലിലേക്ക്.