ആഫ്രിക്കൻ നാഷൻസ് കപ്പ്; കലാശപ്പോരിൽ മാനെ-സലാഹ് പോരാട്ടം
|ഗോൾകീപ്പർ ഗബാസ്കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്
ആഫിക്കൻ നാഷൻസ് കപ്പിന്റെ കലാശപ്പോരിൽ ഇക്കുറി തീപാറും പോരാട്ടം. ആഫ്രിക്കൻ ഫുട്ബോളിലെ രണ്ടു വൻശക്തികളായ ഈജിപ്തും സെനഗലുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ലിവർപൂളിലെ സഹതാരങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലാഹും നേർക്കുനേർ വരുന്നു എന്നതാണ് കലാശപ്പോരിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
സെമി ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കാമറൂണിനെ 3-1 ന് തകർത്താണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശം. ഗോൾകീപ്പർ ഗബാസ്കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്. തുടരെ മൂന്ന് പെനാൽട്ടികളാണ് ഗബാസ്കി സേവ് ചെയ്തത്. നിശ്ചിത 90 മിനിറ്റിലും അതികസമയത്തും ഇരുടീമുകൾക്കും ഗോളൊന്നും സ്കോർ ചെയ്യാത്തതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
സെമിയിൽ ബുർകിനോഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് സെനഗലിന്റെ ഫൈനൽ പ്രവേശം. സെനഗലിനായി സൂപ്പർ താരം സാദിയോ മാനെയും അബ്ദോ ഡിയാലോയും ബാംബാ ഡിയെങുമാണ് സ്കോർ ചെയ്തത്. തുടർച്ചയായ രണ്ടാം തവണയാണ് സെനഗൽ നാഷൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2019 ൽ എതിരില്ലാത്ത ഒരു ഗോളിന് അൽജീരിയയോടാണ് സെനഗൽ ഫൈനലില്‍ തോൽവിയേറ്റു വാങ്ങിയത്. ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ സെനഗലിന് കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. എന്നാല്‍ ഈജിപ്താവട്ടെ ആറു തവണ വന്‍കരയുടെ ചാമ്പ്യന്മാരായിട്ടുണ്ട്.