രണ്ട് വര്‍ഷത്തെ കാത്തിരിപ്പാ... ഐ.എസ്.എല്‍ ഫൈനലിന് കാണികളെത്തും; ഗോവയില്‍ കടലിരമ്പും
|തുടര്‍ച്ചയായ രണ്ട് സീസണുകളിലും കളി നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.
ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരുടെ മനസുനിറച്ച് ഒടുവില്‍ ആ പ്രഖ്യാപനം എത്തി. ഐ.എസ്.എല്‍ ഫൈനലിന് കാണികളെ അനുവദിച്ചു. ഗോവയിലെ ഫത്തോഡ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫൈനലിന് കാണികളെ അനുവദിച്ച വിവരം ഐ.എസ്.എല്‍ അധികൃതര്‍ ഫേസ്ബുക് കുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ സീസണിലും കഴിഞ്ഞ സീസണിലും അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഐ.എസ്.എല്‍ മത്സരങ്ങള്‍. തുടര്‍ച്ചയായ രണ്ട് സീസണുകളിലും കളി നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ് ഈ വാര്‍ത്ത.
ഫൈനലിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ബുക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 99 രൂപയുടെയും 150 രൂപയുടെയും ടിക്കറ്റുകൾ ആണ് വില്‍പ്പനക്കുള്ളത്. നേരത്തെ ഫൈനലിൽ പകുതി കാണികളെ അനുവദിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാണികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് വരുന്നത്.
സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ നൂറു ശതമാനവും ഉപയോഗിക്കാന്‍ ഗോവന്‍ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി ആയിരിക്കും പ്രവേശനം, കളി കാണാനെത്തുന്നവര്‍ ഒന്നുകിൽ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരായിരിക്കണം. അല്ലെങ്കില്‍ അവരുടെ അവസാന ഡോസിൽ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കിൽ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോർട്ട് നൽകുകയോ വേണം. ആദ്യ പാദ സെമിയില്‍ ഒരു ഗോളിന് ജയിച്ച ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുമെന്ന് പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍.