'മെസിയെ പരിക്കേൽപ്പിച്ചാൽ നിന്നെ ഞാൻ കൊല്ലും...' - ഒറ്റമെൻഡിയോട് അഗ്വേറോ
|ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളുടെ വിശകലനം നടത്തുന്നതിനിടെയായിരുന്നു ഇരുവരുടെയും സഹതാരമായിരുന്ന അഗ്വേറോയുടെ പരാമർശം.
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിനുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ നടത്തിയ ഒരു പരാമർശമാണിപ്പോൾ ഫുട്‌ബോൾ ലോകത്തെ ചൂടേറിയ വാർത്ത. അർജന്റീനക്കാരനായ അഗ്വേറോ, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളുടെ വിശകലനം നടത്തുന്നതിനിടെ അർജന്റീനയുടെ വെറ്ററൻ ഡിഫന്റർ നിക്കൊളാസ് ഒറ്റമെൻഡിയെ ലക്ഷ്യമിട്ട് പറഞ്ഞതിങ്ങനെ:
'പി.എസ്.ജിയും ബെൻഫിക്കയും ഒരേ ഗ്രൂപ്പിൽ വന്നിരിക്കുന്നു. ഒറ്റമെൻഡി, ലിയോ (മെസി) യെ പരിക്കേൽപ്പിക്കരുത്. അങ്ങനെ വന്നാൽ നിന്നെ ഞാൻ കൊല്ലും. ലോകകപ്പാണ് വരുന്നത്.. ഫിദിയോയ്ക്ക് (എയ്ഞ്ചൽ ഡി മരിയ) എതിരെയും നീ കളിക്കുന്നുണ്ട്.' ട്വിച്ചിലെ ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തമാശരൂപേണയുള്ള താരത്തിന്റെ പരാമർശം.
മാഞ്ചസ്റ്റർ സിറ്റിയിലും അർജന്റീനയിലും അഗ്വേറോയുടെ സഹതാരമായിരുന്ന ഒറ്റമെൻഡി ഇപ്പോൾ കളിക്കുന്നത് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയിലാണ്. ലയണൽ മെസി ഉൾപ്പെടുന്ന പി.എസ്.ജി, ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ്, ഇസ്രായേലിൽ നിന്നുള്ള മക്കാബി ഹൈഫ എന്നീ ക്ലബ്ബുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് എച്ച് ഗ്രൂപ്പിലാണ് ബെൻഫിക്ക ഉൾപ്പെട്ടിരിക്കുന്നത്. പി.എസ്.ജിക്കും യുവന്റസിനുമെതിരെ കളിക്കുമ്പോൾ അർജന്റീനയുടെ കുന്തമുനകളായ താരങ്ങളെ മുറിവേൽപ്പിക്കരുതെന്നാണ് അഗ്വേറോ ഒറ്റമെൻഡിയെ ഉപദേശിക്കുന്നത്.
പതിവിനു വിപരീതമായി ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് ക്ലബ്ബ് സീസണിന്റെ മധ്യത്തിലാണ്. കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തുന്നത്. സൂപ്പർ താരം ലയണൽ മെസിയും കഴിഞ്ഞ വർഷം കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ ഗോളടിച്ച് ടീമിന് കിരീടം സമ്മാനിച്ച എയ്ഞ്ചൽ ഡി മരിയയും ലയണൽ സ്‌കലോനി പരിശീലിപ്പിക്കുന്ന ടീമിലെ നിർണായക സാന്നിധ്യങ്ങളാണ്. പ്രതിരോധത്തിൽ ടാക്കിളുകൾക്ക് മടിക്കാത്ത ഒറ്റമെൻഡിയും ഖത്തറിൽ അർജന്റീനയുടെ കുപ്പാമണിയുമെന്നാണ് കരുതുന്നത്.
മാഞ്ചസ്റ്റർ സിറ്റിയിൽ പത്തുവർഷത്തോളം കളിച്ച അഗ്വേറോ 2021-ൽ ബാഴ്‌സലോണയിലേക്ക് കൂടുമാറിയതിനു പിന്നാലെയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നത്. നെഞ്ചുവേദനാ പരിശോധനയിൽ തെളിഞ്ഞ കാർഡിയാക് അരിത്മിയ എന്ന രോഗാവസ്ഥയാണ് 33-ാം വയസ്സിൽ കളി മതിയാക്കാൻ താരത്തെ നിർബന്ധിതനാക്കിയത്. അർജന്റീനയ്ക്കു വേണ്ടി 101 മത്സരം കളിച്ച അഗ്വേറോ 41 ഗോളുകൾ നേടിയിട്ടുണ്ട്.