Football
AIFF Awards: Changte and Manisha Kalyan Best Players
Football

അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അവാർഡ്: ചാങ്‌തെയും മനീഷാ കല്യാണും മികച്ച താരങ്ങൾ

Sports Desk
|
4 July 2023 12:50 PM GMT

എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ അവാർഡിന് പുരുഷന്മാരിൽ നിന്ന് ആകാശ് മിശ്രയും വനിതകളിൽ നിന്ന് ഷിൽജി ഷാജിയും അർഹരായി

2022-23 സീസണിലെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(AIFF) അവാർഡ് പ്രഖ്യാപിച്ചു. ലാലിയൻസുവാല ചാങ്‌തെയെ മികച്ച സീനിയർ പുരുഷതാരവും മനീഷ കല്യാണിനെ മികച്ച സീനിയർ വനിതാ താരവുമായി തിരഞ്ഞെടുത്തു. എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ അവാർഡിന് പുരുഷന്മാരിൽ നിന്ന് ആകാശ് മിശ്രയും വനിതകളിൽ നിന്ന് മലയാളി താരം ഷിൽജി ഷാജിയും അർഹരായി.

ഇന്ത്യൻ പുരുഷ ദേശീയ ടീമിനായും ഐഎസ്എല്ലിൽ മുംബൈ സിറ്റിക്കായും മികച്ച പ്രകടനം നടത്തിയതാണ് ചാങ്‌തെയെ അവാർഡിനർഹനാക്കിയത്. കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മുംബൈക്കായി താരം നേടിയത്. ഇവയിൽ 16 ഗോളുകളും ആറ് അസിസ്റ്റും ഐഎസ്എല്ലിലായിരുന്നു. ഇന്ത്യയ്ക്കായും മികച്ച പ്രകടനമാണ് 26 കാരനായ മണിപ്പൂരിൽ നിന്നുള്ള താരം കാഴ്ചവെച്ചത്. ഹീറോ ഇൻറർനാഷണൽ കപ്പിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ചാങ്‌തെയുടെ വകയായിരുന്നു. ലെബനോനെതിരെയുള്ള ഫൈനലിൽ മാൻ ഓഫ് ദി മാച്ചും താരമായിരുന്നു. നേരത്തെ ഫുട്‌ബോൾ പ്ലയേർസ് അസോസിയേഷന്റെ ഇന്ത്യൻ പ്ലയർ ഓഫ് ദി ഇയർ അവാർഡും ചാങ്‌തെ നേടിയിരുന്നു.

അതേസമയം, മനീഷാ കല്യാൺ കഴിഞ്ഞ വർഷം സൈപ്രസ് ക്ലബായ അപോല്ലോണിലെത്തിയിരുന്നു. യുവേഫ വുമൻസ് ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ സീസണിൽ മനീഷ കളിക്കുകയും ചെയ്തു. ടീമിനായുള്ള 17 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളാണ് താരം അടിച്ചത്. സൈപ്രിയോട്ട് വുമൻസ് കപ്പും സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷൻ കിരീടവും ടീം നേടി.

എമേർജിംഗ് പ്ലയർ അവാർഡ് നേടിയ ആകാശ് മിശ്ര ഹൈദരാബാദ് എഫ്‌സിക്കും ഇന്ത്യൻ ദേശീയ ടീമിനുമായി മികച്ച പ്രകടനമാണ് നടത്തിയത്. നിലവിൽ ഐഎസ്എല്ലിൽ മുംബൈ സിറ്റി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ മികച്ച ഫുൾബാക്കായാണ് താരം വിലയിരുത്തപ്പെടുന്നത്. ഐഎസ്എല്ലിൽ ലീഗ് ഘട്ടത്തിൽ ടീമിനെ രണ്ടാമതെത്തിക്കാനും ഹീറോ ഇൻറർനാഷണൽ കപ്പിൽ ഇന്ത്യയ്ക്ക് ക്ലീൻ ഷീറ്റ് നേടാനും ആകാശിന്റെ പ്രകടനം തുണയായിരുന്നു.

ഷിൽജി ഷാജി അണ്ടർ 17 ഇന്ത്യൻ വനിതാ ടീമിനായി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആറ് മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ഈ 16കാരി അടിച്ചുകൂട്ടിയത്. 2023 സാഫ് അണ്ടർ 17 വുമൻസ് ചാമ്പ്യൻഷിപ്പിലെ ടോപ് സ്‌കോററാകുകയും ചെയ്തു.

ക്ലിഫോർഡ് മിരാൻഡ കഴിഞ്ഞ വർഷത്തിലെ മികച്ച പുരുഷ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ഹീറോ സൂപ്പർ കപ്പിന്റെ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്‌സിയെ ജേതാക്കളാക്കിയത് ഈ മുൻ ഇന്ത്യൻ താരമായിരുന്നു. പ്രിയ പിവിയാണ് മികച്ച വനിതാ പരിശീലക. 2022-23 സീസണിൽ അണ്ടർ 17 സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ജേതാക്കളാക്കിയത് ഇവരായിരുന്നു. നേരത്തെ ഇന്ത്യൻ വനിതാ ടീമിന്റെ അസിസ്റ്റൻറ് കോച്ചായിരുന്നു പ്രിയ.




AIFF Awards: Changte and Manisha Kalyan Best Players

Similar Posts