സൗദിമണ്ണില്‍ വീണ് മെസിയും സംഘവും; ഹിലാലിനോട് തോറ്റ് മയാമി
|ഫെബ്രുവരി ഒന്നിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്റുമായും മെസിയുടെ ഇന്റർ മയായി റിയാദിൽ ഏറ്റുമുട്ടും
റിയാദ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി സൗദിമണ്ണില്‍ തോല്‍വി. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ ക്ലബായ അൽ ഹിലാലിനോട് നാലിനെതിരെ മൂന്ന് ഗോളിനാണ് മയാമി തോറ്റത്. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് പിറകിൽ നിന്ന മയാമി മെസിയുടെ നേതൃത്വത്തില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയതായിരുന്നു മത്സരം.
റിയാദ് അറീനയെന്ന റിയാദ് സീസണിന്റെ സ്റ്റേഡിയമായിരുന്നു വേദി. ഒരു ഭാഗത്ത് മെസിയും മറുഭാഗത്ത് മെട്രോവിച്ചും ടീമിനെ നയിച്ചു. പരിക്കില്‍നിന്നു മുക്തനാകാത്ത നെയ്മര്‍ മത്സരത്തിനിറങ്ങിയിരുന്നില്ല.
മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിക്കും സംഘത്തിനും ആദ്യ പ്രഹരം. അലക്ടാണ്ടർ മെട്രോവിച്ചിന്റെ മനോഹരമായ ഫിനിഷിങ്ങിൽ അൽ ഹിലാലിന് ലീഡ്. 12 മിനിറ്റ് പിന്നിട്ടപ്പോൾ അബ്ദുല്ല അല്‍ഹമദാന്‍റെ മറ്റൊരു മികച്ച ഗോളോടെ ഹിലാൽ ലീഡുയർത്തി. എന്നാല്‍, 34-ാം മിനിറ്റിൽ ഹിലാലിന്റെ പാളിച്ച മുതലെടുത്ത് മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ഗോൾ തൊടുത്തു.
ഒന്ന് ആശ്വസിക്കുംമുന്‍പേ സൗദി ഗാലറിയെ ഇളക്കിമറിച്ച് ഹിലാലിന്‍റെ ഗോൾ വീണ്ടും. 44-ാം മിനിറ്റില്‍ മിഷേലിന്റെ ഗോളോടെ ആദ്യ പകുതി ഹിലാല്‍ കൈയടക്കി. അല്‍ഹിലാല്‍-3, ഇന്‍റര്‍ മയാമി-1.
എന്നാല്‍, രണ്ടാം പാതിയില്‍ ഗംഭീര തിരിച്ചുവരവുമായി ഇന്‍റര്‍ മയാമി സൗദി ആരാധകരെ ഞെട്ടിച്ചു. 54-ാം മിനിറ്റിൽ മെസിയുടെ വകയായിരുന്നു ആദ്യ ഗോൾ. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും മയാമിയുടെ ഡേവിഡ് റൂയിസ് നേടിയ ഗോളോടെ മത്സരം സമനിലയില്‍. 3-3.
എന്നാല്‍, കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ മെസിപ്പടയുടെ ഇടനെഞ്ചിലേക്ക് ഹിലാലിന്‍റെ വിജയഗോള്‍. 88-ാം മിനിറ്റിൽ ഹിലാൽ താരം മാൽക്കം ആണു ലക്ഷ്യം കണ്ടത്.
സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ ശേഷമുള്ള അൽഹിലാലിന്‍റെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്നത്. ഫെബ്രുവരി ഒന്നിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്റുമായും മെസിയുടെ ഇന്റർ മയായി റിയാദിൽ ഏറ്റുമുട്ടും.
Summary: Al Hilal vs Inter Miami 4-3: Riyadh Season Cup 2024